Wednesday, December 24, 2025

ഗുരുവായൂർ ഏകാദശി നാളിൽ നൂററാണ്ടുകളായി നടത്തിവന്നിരുന്ന ഉദയാസ്തമന പൂജ ഇനി മുതൽ വേണ്ടെന്നുവച്ച ദേവസ്വം തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം; കോടതിയെ സമീപിച്ച് ഭക്തർ; ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

തൃശ്ശൂർ: നൂറ്റാണ്ടുകളായി നടന്നുവരാറുള്ള ഗുരുവായൂർ ഏകാദശി നാളിലെ ഉദയാസ്തമന പൂജ വേണ്ടെന്നുവച്ച തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രി കുടുംബത്തിലെ പുഴക്കര ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് മുതൽ കുടുംബത്തിലെ മറ്റു ഒമ്പത് പേർ ചേർന്ന് നൽകിയ ഹർജിയാണ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്. ഗുരുവായൂർ ദേവസ്വത്തിനോട് ഇതു സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എകാദശി നാളിൽ നടത്തുന്നതിനായി ശ്രീ ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ പൂജാക്രമമാണ് ഗുരുവായൂരിലെ ഉദയാസ്തമന പൂജ.

ദേവസ്വം ബോർഡും മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇത് ആചാരലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം. ക്ഷേത്രത്തില്‍ വളരെ തിരക്ക് അനുഭവപ്പെടുന്ന ഏകാദശി ദിവസം ഉദയാസ്തമയ പൂജയ്‌ക്കായി കൂടുതല്‍ പ്രാവശ്യം നട അടയ്‌ക്കേണ്ടി വരുന്നത് ഭക്തർക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം പൂജ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

എന്നാല്‍ ദശമി ദിവസം രാത്രി മുതല്‍ ദ്വാദശി വരെ നട തുറന്നിരിക്കുന്നതിനാല്‍ ഉദയാസ്തമയ പൂജയ്‌ക്കായി ഇടയ്‌ക്ക് നട അടയ്‌ക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഹർജിക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല ശങ്കരാചാര്യരുടെ കാലം മുതല്‍ ഗുരുവായൂരില്‍ ഏകാദശി ദിവസം ഉദയാസ്തമയ പൂജ പതിവുണ്ട്. അതുപേക്ഷിക്കുന്നത് ആചാര ലംഘനമാകുമെന്നും ഹർജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദേവസ്വത്തിന്റെ തീരുമാനത്തിനെതിരേ ഭക്തരിലും പ്രതിഷേധമുണ്ട്. ഉദയാസ്തമയ പൂജ ഒഴിവാക്കിയത് അതിരഹസ്യമായി നടത്തിയ ഒറ്റരാശി പ്രശ്നത്തിലൂടെയാണെന്ന് ഭക്തർ ആരോപിക്കുന്നു. ക്ഷേത്രാചാര അനുഷ്ഠാനങ്ങളില്‍ ദേവഹിതം തേടുന്ന ഒറ്റരാശി പ്രശ്നം, ക്ഷേത്ര മുഖമണ്ഡപത്തിലാണ് നടത്തേണ്ടതെന്നും, ഈ ആചാരവും ലംഘിച്ചെന്നും ഭക്തർ ആരോപിച്ചു.

Related Articles

Latest Articles