പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഞ്ജയ് റോയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സഞ്ജയ് റോയിയുടെ മൊബൈല്‍ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫോണില്‍നിന്ന് നിറയെ അശ്ലീലവീഡിയോകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതി നേരത്തെയും സ്ത്രീകള്‍ക്കെതിരേ മോശമായി പെരുമാറിയിരുന്നതായും വിവരമുണ്ട്. ഇതുസംബന്ധിച്ചെല്ലാം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കൊൽക്കത്ത പോലീസിൽ സിവിൽ വോളൻ്റിയറായി ജോലി ചെയ്തുവരികയായിരുന്നു റോയ് . ട്രാഫിക് നിയന്ത്രണവും ദുരന്ത നിവാരണവും ഉൾപ്പെടെയുള്ളവയിൽ പോലീസുകാരെ സഹായിക്കാൻ റിക്രൂട്ട് ചെയ്യുന്ന കരാർ ജീവനക്കാരാണ് സിവിക് വോളൻ്റിയർമാർ. പ്രതിമാസം 12,000 രൂപയോളം ശമ്പളം ലഭിക്കുന്ന ഈ വോളൻ്റിയർമാർക്ക് സാധാരണ പോലീസുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കില്ല.
2019ൽ കൊൽക്കത്ത പോലീസിൻ്റെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഗ്രൂപ്പിൽ സന്നദ്ധപ്രവർത്തകനായി റോയ് ചേർന്നെങ്കിലും പിന്നീട് പോലീസ് വെൽഫെയർ സെല്ലിലേക്ക് മാറുകയായിരുന്നു. തുടർന്ന് ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് ഡ്യൂട്ടി മാറി. പോലീസുകാരനല്ലെങ്കിലും ഇയാൾ കെപി (കൊൽക്കത്ത പോലീസ്) എന്ന് എഴുതിയ ടീ ഷർട്ടാണ് പലപ്പോഴും ധരിച്ചിരുന്നത്. ഇയാളുടെ ബൈക്കിലും കെപി എന്ന ടാഗ് പതിപ്പിച്ചിരുന്നു.
പ്രാദേശിക മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, പോലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയ ഉടൻ തന്നെ റോയി കുറ്റം സമ്മതിച്ചു. യാതൊരു പശ്ചാത്താപവും അയാൾ കാണിച്ചില്ല, “വേണമെങ്കിൽ എന്നെ തൂക്കിക്കൊല്ലൂ” എന്ന് അയാൾ നിർവികാരമായി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
വ്യാഴാഴ്ച രാത്രി ഡ്യൂട്ടിക്ക് ശേഷം സെമിനാര്‍ ഹാളില്‍ ഉറങ്ങുന്നതിനിടെയാണ് വനിതാ ഡോക്ടറെ പ്രതി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട വനിതാ ഡോക്ടറടക്കം അഞ്ച് ഡോക്ടര്‍മാര്‍ ഒരുമിച്ചിരുന്നാണ് സെമിനാര്‍ഹാളില്‍വെച്ച് അത്താഴം കഴിച്ചത്. ശേഷം ഇവരെല്ലാം ഒളിമ്പിക്‌സില്‍ ജാവലിന്‍ത്രോ മത്സരം കണ്ടു. പിന്നാലെ മറ്റുള്ളവര്‍ സെമിനാര്‍ ഹാളില്‍നിന്ന് മടങ്ങിയപ്പോള്‍ പഠിക്കാനും വിശ്രമിക്കാനുമായി വനിതാ ഡോക്ടര്‍ ഹാളില്‍ തന്നെ തങ്ങി. തുടര്‍ന്ന് പഠനത്തിന് ശേഷം ഉറങ്ങുന്നതിനിടെയാണ് പ്രതി സ്ഥലത്തെത്തി ആക്രമണം നടത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്ക് വനിതാ ഡോക്ടര്‍ ഹാളില്‍ വിശ്രമിക്കുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി മൊഴികളുണ്ടായിരുന്നു. അതിനാല്‍ ഇതിനുശേഷമാണ് കൃത്യം നടന്നതെന്ന് പോലീസ് ഉറപ്പിച്ചു.
സഞ്ജയ് റോയ് വ്യാഴാഴ്ച രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം.
അതേസമയം, വനിതാഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധം തുടരുകയാണ്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങള്‍ തടസ്സപ്പെട്ടു. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്ത് വിവിധ നഗരങ്ങളിലും ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ദില്ലി , മുംബൈ, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഡോക്ടര്‍മാരാണ് അടിയന്തര ചികിത്സയൊഴികെ മറ്റെല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.

