Tuesday, December 16, 2025

തടസമില്ലാത്ത യാത്രാനുഭവം!ടോൾ പിരിവ് സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ അവസാനിക്കും പകരം ഇലക്ട്രിക് സംവിധാനം ! വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ദില്ലി : ദേശീയപാതകളിലെ നിലവിലെ ടോൾ പിരിവ് സംവിധാനം ഒരു വർഷത്തിനുള്ളിൽ പൂർണമായി നിർത്തലാക്കുമെന്നും, അതിനുപകരം തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്ന ഒരു ഇലക്ട്രോണിക് സംവിധാനം നടപ്പാക്കുമെന്നും കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ ചോദ്യോത്തരവേളയിലാണ് മന്ത്രി ഈ സുപ്രധാന വിവരം അറിയിച്ചത്.

നിലവിൽ പത്ത് സ്ഥലങ്ങളിൽ പുതിയ ടോൾ പിരിവ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി കഴിഞ്ഞതായും, ഒരു വർഷത്തിനകം ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഈ ടോൾ സംവിധാനം അവസാനിക്കും. ടോളിന്റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ല. ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ഇലക്ട്രോണിക് ടോൾ പിരിവ് നടപ്പിലാക്കും,” നിതിൻ ഗഡ്കരി പറഞ്ഞു.

ഇതോടെ, ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തിയിട്ട് കാത്തുനിൽക്കേണ്ട സാഹചര്യം പൂർണ്ണമായും ഇല്ലാതാകും. ഹൈവേ ഉപയോക്താക്കൾക്ക് സമയം ലാഭിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഇത് സഹായകമാകും.

രാജ്യത്തെ ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനായി നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഏകീകൃതവും പരസ്പരം പ്രവർത്തിപ്പിക്കാവുന്നതുമായ ഇലക്ട്രോണിക് ടോൾ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ പ്രോഗ്രാം. ഈ സംവിധാനത്തിന്റെ അടിസ്ഥാനം ഫാസ്റ്റാഗ് ആണ്. റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഒരു ഉപകരണമാണിത്. ഇത് വാഹനങ്ങളുടെ വിൻഡ് സ്ക്രീനിൽ പതിപ്പിക്കുന്നു. ടോൾ പ്ലാസയിൽ നിർത്താതെ തന്നെ, വാഹനവുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽ നിന്ന് യാന്ത്രികമായി ടോൾ തുക ഈടാക്കാൻ ഫാസ്ടാഗ് വഴി സാധിക്കും. നിലവിൽ ഫാസ്ടാഗ് വഴിയുള്ള ടോൾ പിരിവ് വ്യാപകമാണെങ്കിലും, ഇത് പൂർണ്ണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നതോടെ ടോൾ ഗേറ്റുകളിൽ കാത്തുനിൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കപ്പെടും.

ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഈ പുതിയ ഇലക്ട്രോണിക് സംവിധാനം രാജ്യത്തെ ഗതാഗത മേഖലയിൽ ഒരു വിപ്ലവം സൃഷ്ടിക്കും. രാജ്യത്തുടനീളം ഹൈവേ വികസനത്തിനായി 10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പദ്ധതികൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു. ഈ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ഇലക്ട്രോണിക് ടോൾ സംവിധാനം നിലവിൽ വരുന്നതോടെ റോഡ് ഉപയോക്താക്കൾക്ക് കൂടുതൽ സുഖകരവും തടസ്സമില്ലാത്തതുമായ യാത്രകൾ സാധ്യമാവുകയും, രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടുകയും ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles