Saturday, December 13, 2025

“അവർ മയക്കുമരുന്നു രാജാവോ ഭീകരവാദിയോ അല്ല !!”പൂജാ ഖേദ്കർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ദില്ലി : സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ വ്യാജ രേഖ നിര്‍മിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന ഐഎഎസ് മുന്‍ പ്രൊബേഷണറി ഓഫീസര്‍ പൂജാ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പൂജ മയക്കുമരുന്നു രാജാവോ ഭീകരവാദിയോ അല്ലെന്നും കൊലപാതകമോ എന്‍ഡിപിഎസ് (Narcotic Drugs and Psychotropic Substances Act) നിയമപ്രകാരമുള്ള കുറ്റമോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ച് പൂജാ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി പൂജയോട് നിര്‍ദേശിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ ശാരീരികവൈകല്യം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും ഒബിസി വിഭാഗക്കാരിയാണെന്നുള്ള സര്‍ട്ടിഫിക്കറ്റുംവ്യാജമായി നിർമ്മിച്ചുവെന്നതാണ് പൂജ നേരിടുന്ന ആരോപണം. ഇതിന് പിന്നാലെ പൂജയ്‌ക്കെതിരേ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടപടി എടുത്തിരുന്നു. അവരെ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ഭാവിയില്‍ യുപിഎസ്‌സി നടത്തുന്ന എല്ലാ പരീക്ഷകളില്‍നിന്നും ഡീബാര്‍ ചെയ്യുകയും ചെയ്തിരുന്നു.

പൂജയ്ക്ക് മുന്‍കൂര്‍ജാമ്യം അനുവദിക്കുന്നതിനെ ദില്ലി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തിരുന്നു. പൂജയുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണത്തെയും അവര്‍ക്കെതിരേ ഉയര്‍ന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്.

Related Articles

Latest Articles