Sunday, December 14, 2025

കാമുകനുമൊത്ത് ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2019 ജൂണിലാണ് കാമുകനുമൊത്ത് ജീവിക്കുന്നതിനായി മഞ്ജു മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് പൊട്ടക്കിണറ്റിൽ തള്ളിയത്.

ഇരുവർക്കും ജീവപര്യന്തം കഠിനതടവും 3,50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷംകൂടെ പ്രതികൾ അധിക തടവ് അനുവഭവിക്കണമെന്നാണ് ശിക്ഷാവിധി.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. മീരയുടെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മറ്റൊരു വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു മഞ്ജു. ഇവിടെ വച്ചാണ് മീര മഞ്ജുവിനേയും അനീഷിനേയും ഒരുമിച്ച് കാണുന്നത്.

കാമുകനുമൊത്തുള്ള അവിഹിത ബന്ധം മകൾ കണ്ടതിനുപിന്നാലെയായിരുന്നു ക്രൂരകൃത്യം. ജൂൺ 10-ന് രാത്രി അമ്മയും മകളും അനീഷിന്റെ വരവിനെച്ചൊല്ലി വഴക്കിട്ടു. ഇതിനു പിന്നാലെ, അനീഷിന്റെ സഹായത്തോടെ മഞ്ജു മകൾ മീരയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് നാലു കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു.

കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതികളെ ഇവർ ഒളിവിൽ താമസിച്ചിരുന്ന നാഗർകോവിലിനു സമീപത്തെ വാട്ടർടാങ്ക് എന്ന സ്ഥലത്തെ വീട്ടിൽനിന്ന് പോലീസ് പിടികൂടുകയായിരുന്നു.

Related Articles

Latest Articles