സനാ : യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍ അബ്ദുൽ ഫത്താഹ് മഹ്ദി. സാമുവല്‍ ജെറോം മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നെന്നും നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ സാമുവല്‍ ജെറോം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.ബിബിസിയില്‍ അവകാശപ്പെട്ടത് പോലെ സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നിമിഷപ്രിയയെ വധിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് അംഗീകരിച്ചപ്പോള്‍ സനയില്‍ നിന്നും സാമുവല്‍ ജെറോം തന്നെ കണ്ടെന്നും സന്തോഷത്തോടെ അദ്ദേഹം തങ്ങളെ അഭിനന്ദിക്കുകയുമായിരുന്നുവെന്നും മഹ്ദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടപ്പോള്‍ മധ്യസ്ഥതയെ കുറിച്ച് സാമുവല്‍ സംസാരിക്കുന്നത് കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘തലാലിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാനുള്ള ചെലവെന്ന പേരില്‍ 20 ഡോളറിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്ന വാര്‍ത്ത കണ്ടു. ഞങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹത്തിന്റെ ‘മധ്യസ്ഥത’യ്ക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ് അയാള്‍. സത്യം ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം കളവ് പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ അത് വെളിപ്പെടുത്തും’, മഹ്ദി പറയുന്നു.
നേരത്തെ സാമുവല്‍ ജെറോമിനെതിരെ വിമര്‍ശനവുമായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാമെന്നും നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു. ‘സാമുവല്‍ ജെറോമിന് എന്ത് റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിച്ചു? സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’, സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

