ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ചിത്രം, മഹാവതാര്‍ നരസിംഹയുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഭീമാകാരമായ നരസിംഹാവതാരത്തിന് മുന്‍പില്‍ സ്വര്‍ണവാളേന്തി നില്‍ക്കുന്നയാളാണ് പോസ്റ്ററിലുള്ളത്. വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോള്‍ അവന്‍ പ്രത്യക്ഷപ്പെടും. അന്ധകാരവും സംഘര്‍ഷവും പിച്ചിച്ചീന്തിയ ലോകത്ത് ഇതിഹാസത്തിന്റെ അവതാരത്തിന്, പാതി മനുഷ്യനും പാതി സിംഹവുമായ അവതാരം, ഭഗവാന്‍ വിഷ്ണുവിന്റെ ഏറ്റവും ശക്തമായ അവതാരത്തിന് സാക്ഷ്യംവഹിക്കൂ- എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്.
വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോൾ തിന്മയെ നേരിടാൻ നരസിംഹം പ്രത്യക്ഷപ്പെടും എന്ന വിശ്വാസമാണ് ചിത്രത്തിൻ്റെ പ്രമേയം. അഭിനേതാക്കളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനപ്രിയ അഭിനേതാക്കൾ ചിത്രത്തിൽ ഉൾപ്പെട്ടേക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്.
മഹാവതാര്‍ ഫ്രാഞ്ചസിയിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. മലയാളം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ 3 ഡി ആയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മെഗാ ഹിറ്റ് ചിത്രങ്ങളായ കെജിഎഫിന്റെയും കാന്താരയുടെയും നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് മഹാവതാര്‍ നരസിംഹ അവതരിപ്പിക്കുന്നത്.
അശ്വിന്‍ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി.എസാണ് സംഗീതസംവിധാനം. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് ഇനിയും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

