Wednesday, December 17, 2025

സംസ്ഥാനത്ത് രക്ഷയില്ലാതെ ആരോഗ്യപ്രവർത്തകർ !!ഒപി ടിക്കറ്റ് എടുക്കാൻ പറഞ്ഞതിന് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം ! ആശുപത്രി അടിച്ചു തകർത്തു ; പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിക്കുകയും ആശുപത്രി അടിച്ചുതകര്‍ക്കുകയും ചെയ്ത പ്രതികള്‍ പിടിയില്‍. തിരുവനന്തപുരത്തെ കല്ലറ തറട്ട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി 11:35-ഓടെ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കല്ലറ കാട്ടുപുറം സ്വദേശി അരുണ്‍ (35), മുണ്ടോണിക്കര സ്വദേശി ശ്യാം നായര്‍ (43) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഒന്നാം പ്രതിയുടെ തലയ്‌ക്കേറ്റ മുറിവ് ചികിത്സിക്കാനെത്തിയതായിരുന്നു ഇരുവരും. വനിതാ ഡോക്ടര്‍ ഒന്നാം പ്രതിയോട് ഒപി ടിക്കറ്റെടുക്കാന്‍ പറഞ്ഞതോടെയാണ് സംഘം പ്രകോപിതരായത്. ഇതോടെ ഇയാള്‍ ഡോക്ടറെ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. ശേഷം ഇയാളുടെ മുറിവില്‍ ഡോക്ടറും നേഴ്‌സുമാരും ചേര്‍ന്ന് മരുന്ന് വെക്കുന്നതിനിടെ രണ്ടാം പ്രതി മുറിയിലേക്ക് അതിക്രമിച്ച് കയറി വീഡിയോ പകര്‍ത്തി. ഇത് തടയാന്‍ ശ്രമിച്ച ഡോക്ടറേയും നേഴ്‌സുമാരേയും രണ്ട് പ്രതികളും വീണ്ടും ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ആക്രമണം.ഇഞ്ചക്ഷന്‍ റൂമില്‍ കയറി കത്രിക എടുത്താണ് ഒന്നാം പ്രതി ഡോക്ടറെ കുത്താന്‍ ശ്രമിച്ചത്. ശേഷം രണ്ട് പ്രതികളും ചേര്‍ന്ന് ആശുപത്രിയിലെ മരുന്ന് ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു. ഉടന്‍ ഡോക്ടര്‍ പാങ്ങോട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിയ പോലീസ് അക്രമം നടത്തുകയായിരുന്ന പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു .

Related Articles

Latest Articles