Sunday, December 14, 2025

ത്രിപുരയിൽ കനത്ത പോളിങ് ; ലഭ്യമായ അവസാന റിപ്പോർട്ടുകൾ പ്രകാരം 81.1% പേർ സമ്മതിദായകാവകാശം വിനിയോഗിച്ചു

അഗർത്തല : ത്രിപുര നിയമസഭാ വോട്ടെടുപ്പിൽ കനത്ത പോളിങ് രേഖപ്പെടുത്തി. വൈകുന്നേരം നാല് മണി വരെയുള്ള കണക്കുകൾ പ്രകാരം 81.1% പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതൽ പല ബൂത്തുകൾക്കു മുൻപിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോഴും ബൂത്തുകളിൽ വൻ നിരയാണ്.

നാൽപ്പത്തിയഞ്ചോളം ബൂത്തുകളിൽ ഇവിഎം പ്രവർത്തനം തകരാറിലായി. യന്ത്രം മാറ്റി സ്ഥാപിച്ച് പോളിങ് പുനരാരംഭിച്ചു.ഒറ്റപ്പെട്ട സംഘർഷങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബിജെപി സർക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ, തന്റെ സമ്മതിദായകാവകാശം വിനിയോഗിച്ച ശേഷം പ്രതികരിച്ചു. വന്‍ പങ്കാളിത്തത്തോടെ വോട്ടുചെയ്തു ജനാധിപത്യത്തിന്‍റെ ഉല്‍സവം കരുത്തുറ്റതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും . വികസനോന്മുഖ സര്‍ക്കാരിനു വോട്ടുചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആഹ്വാനം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തുടനീളം 3,328 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 1,100 ബൂത്തുകൾ പ്രശ്നബാധിതമാണ്. 28 അതീവ പ്രശ്നബാധിത ബൂത്തുകളുമുണ്ട്. ഇവിടങ്ങളിൽ കനത്ത സുരക്ഷയിലാണ് പോളിങ് നടക്കുന്നത്. സംസ്ഥാനത്തെ 28.14 ലക്ഷം വോട്ടർമാരിൽ 14,15,223 പേർ പുരുഷൻമാരും 13,99,289 പേർ സ്ത്രീകളുമാണ് . 259 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മാർച്ച് രണ്ടിനാണ് ഫലമറിയുക.

Related Articles

Latest Articles