തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും. പല ജില്ലകളിലും രാവിലെ മുതൽ മഴ പെയ്യുന്നുണ്ട്.
മഴ ജാഗ്രതയുള്ളതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. 30 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്.
ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.
ചൊവ്വ: കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.
ബുധൻ: കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഓഗസ്റ്റ് 22 മുതൽ 24 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും അറിയിപ്പുണ്ട്. കേരള – ലക്ഷദ്വീപ് – കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള തെക്ക് – കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

