Sunday, December 21, 2025

കനത്ത മഴ തുടരും, 8 ജില്ലകളിൽ റെഡ് അലർട്ട് !കാലവർഷക്കെടുതിയിൽ ഇന്ന് 4 മരണം

തിരുവന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും യെല്ലൊ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുല്ലുവിള സ്വദേശികളായ തഥയൂസ്, സ്റ്റെല്ലസ് എന്നിവര്‍ മരിച്ചു നമ്പത്ത് ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് 85 കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു.

മഴ കനത്തതോടെ പത്തനംതിട്ട ജില്ലയിലെ മണിമലയാർ, അച്ചൻകോവിലാർ, പമ്പ, കാസർകോട് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം പുഴ, ഉപ്പള എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂവാറ്റുപുഴയാർ, കണ്ണൂർ ജില്ലയിലെപെരുമ്പ, കുപ്പം നദി, കാസർകോട്ടെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ, കോട്ടയം ജില്ലയിലെ മീനച്ചിലാറ്, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെയും മലപ്പുറം കാളികാവിൽ ഒഴുക്കിൽപ്പെട്ട് ഒരാളെയും കാണാതായി. മരം വീണ് ഇന്നും നിരവധി വീടുകൾ തകർന്നു. ഇന്നലെ രാത്രിയിൽ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണു. വൈദ്യുതി പലയിടങ്ങളിലും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. റെയിൽവേ ട്രാക്കുകളിൽ മരം വീണതിനെ തുടർന്ന് പല ട്രെയിനുകളും ഇപ്പോഴും വൈകിയോടുകയാണ്. ശക്തമായ മഴ അടുത്ത 5 ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്.

Related Articles

Latest Articles