Friday, December 19, 2025

രണ്ടു ദിവസം കൂടി അതി തീവ്ര മഴ : ഡാമുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചു.വടക്കൻ കേരളത്തിലും,മധ്യ കേരളത്തിലും കനത്ത മഴ തുടരുകയാണ് . ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് രണ്ടു ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇരവഞ്ഞിപ്പുഴയും ചാലിയാറും ചാലിപ്പുഴയും കരകവിഞ്ഞതോടെ കോഴിക്കോടിന്‍റെ ഗ്രാമീണ റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി.

കനത്ത മഴയെത്തുടർന്ന് കണ്ണൂർ അടയ്ക്കാത്തോട്, നെല്ലിയോട് തുടങ്ങിയ സ്ഥലങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. മലപ്പുറം കരുളായി വനത്തിലും ഉരുൾ പൊട്ടി. മുണ്ടൻ കോട് ആദിവാസി കോളനിയിലാണ് ഉരുൾ പൊട്ടിയത്. നിലമ്പൂർ സംസ്ഥാന പാതയില്‍ വെള്ളം കയറി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഈ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്.
കനത്ത മഴയെ തുടര്ന്ന് ജല നിരപ്പ് ഉയർന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്‍റെ ഷട്ടറും ലോവർ പെരിയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകളും തുറന്നു.

മൂവാറ്റുപുഴയാറിന്‍റെ തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റും വീശുന്നതിനാൽ മിക്കയിടത്തും വൈദ്യുതബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.മഴ കനത്തതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ , മലപ്പുറം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

Related Articles

Latest Articles