മുംബൈ: ചലച്ചിത്ര അവാർഡ് നിശയുടെ വേദിയിൽ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ഹേമയോട് പോയി ചോദിക്കണമെന്നായിരുന്നു നടൻ മറുപടി നൽകിയത് .നിങ്ങൾ മലയാളത്തിലെ പ്രമുഖ നടൻ ആണല്ലോ എന്നും മലയാള സിനിമയിലെ നിലവിലെ സാഹചര്യം എങ്ങനെ ആണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് അഭിപ്രായം എന്നെല്ലാമായിരുന്നു ഷൈൻ ടോം ചാക്കോയ്ക്ക് നേരെ ഉയർന്ന ചോദ്യം. ഈ ചോദ്യത്തിനാണ് നടൻ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്.
അതേസമയം തെലുങ്ക് വിഭാഗത്തിൽ നിന്നും മികച്ച വില്ലൻ കഥാപാത്രത്തിനുള്ള പുരസ്‌കാരം ആയിരുന്നു ഷൈനിന് ലഭിച്ചത്. ദസറ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയിരുന്നു പുരസ്‌കാരം. ഈ വേദിയിൽ ഇത്തരത്തിലുള്ള സംസാരം താൻ ആഗ്രഹിക്കുന്നില്ലെന്നും നടൻ മദ്ധ്യമങ്ങളോട് തുറന്നടിച്ചു .എന്തിനാണ് ഇവിടെ വച്ച് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. ഹേമ കമ്മിറ്റിയെക്കുറിച്ച് പഠിക്കാനാണോ ഇവിടെ വന്നത്. ഇതിനെക്കുറിച്ച് ഒരക്ഷരം പോലും താൻ സംസാരിക്കില്ല. ഇവിടം അതിനുള്ള വേദിയല്ലെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.

