നോയിഡ : അവിഹിതബന്ധം കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസിൽ ഭാര്യയും കാമുകനും പിടിയിലായി. ഈ മാസം ഒന്നാം തീയതിയാണ് നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം ശുചിമുറിയുടെ മേല്‍ക്കൂരയിൽ ഒളിപ്പിച്ചു കടന്നുകളയാനാണു പ്രതികൾ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒരാഴ്ചയ്ക്കുശേഷമാണ് മഹേഷിന്റെ ഭാര്യ പൂജ, സുഹൃത്ത് പ്രഹ്ലാദ് എന്നിവർ പിടിയിലായത്.
ഒരേ നാട്ടുകാരായ പൂജയും പ്രഹ്ലാദും പൂജയുടെ വിവാഹത്തിന് മുന്നേ പ്രണയത്തിലായിരുന്നു. വിവാഹ ശേഷവും ഇവർ ബന്ധം തുടർന്നു. കുറച്ചു നാളുകൾക്ക് മുമ്പ് ഭർത്താവ് മഹേഷിനൊപ്പം പൂജ ജോലി ആവശ്യങ്ങൾക്കായി നോയിഡയിലെ ബിറോൻഡയിലേക്കു താമസം മാറി. പിന്നാലെ പ്രഹ്ലാദും ഇതേ സ്ഥലത്തേക്കു ജോലിതേടി എത്തി. സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച പ്രഹ്ലാദ്, നിരന്തരം പൂജയെ സന്ദർശിക്കാറുണ്ടായിരുന്നു.
ഈ മാസം ഒന്നിനു മഹേഷ് വീട്ടിലില്ലാതിരുന്ന സമയത്തു പൂജയെ കാണാനെത്തിയ ഇയാൾ, അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയ മഹേഷിനു മുന്നിൽ പെടുകയായിരുന്നു. ബന്ധം പുറത്തറിയുമെന്ന ഭയത്തിൽ ഇരുവരും കത്രിക ഉപയോഗിച്ച് ഭർത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് അധികൃതർ പറയുന്നത്.

