കൊച്ചി: പെരുമ്പാവൂരിൽ 126 ഗ്രാം ഹെറോയിനുമായി നാല് അന്യസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. 10 സോപ്പുപെട്ടികളിലായാണ് ഇവർ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് അന്യസംസ്ഥാന സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനാണ് മയക്കുമരുന്ന് എത്തിച്ചത്.
അസം നൗഗാവ് സ്വദേശികളായ ഷുക്കൂർ അലി (31), സബീർ ഹുസൈൻ (32), സദ്ദാം ഹുസൈൻ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ ചെമ്പറക്കി ഭാഗത്തുവെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനികളിലൊരാളാണ് പിടിയിലായ ഷുക്കൂർ അലി. ഷുക്കൂർ നേരത്തെ മയക്കുമരുന്ന് കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ്. സദ്ദാം ഹുസൈനും സാബിർ ഹുസൈനും സഹോദരങ്ങളാണ്.
അസമിൽനിന്ന് ബോക്സ് ഒന്നിന് 30,000 രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ ഇവിടെ എഴുപതിനായിരം രൂപ നിരക്കിലായിരുന്നു വിൽപ്പന. അസമിൽനിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തി, തുടർന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്ന വഴിയാണ് ഇവരെ പിടികൂടിയത്. മ്യാൻമറിൽനിന്ന് നാഗാലാൻഡ് വഴിയാണ് ഹെറോയിൻ കേരളത്തിലേക്ക് എത്തുന്നതെന്ന് ഷുക്കൂർ അന്വേഷണ സംഘത്തിനോട് പറഞ്ഞു

