Monday, December 15, 2025

“ആർക്കാണ് ആനക്കോട്ടയുടെ ചുമതല? എന്താണ് ആനക്കോട്ടയിൽ നടക്കുന്നതെന്ന് അറിവുണ്ടോ?”- പുന്നത്തൂർ കോട്ടയിൽ ആനകളെ മർദിച്ചതിൽ രൂക്ഷ വിമർശനവും കടുത്ത നടപടികളുമായി ഹൈക്കോടതി !

കൊച്ചി : ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുന്നത്തൂർ കോട്ടയിൽ ആനകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവും കടുത്ത നടപടികളുമായി ഹൈക്കോടതി. ആർക്കാണ് ആനക്കോട്ടയുടെ ചുമതലയെന്ന് ആരാഞ്ഞ കോടതി, ആനകളെ മർദിച്ച സംഭവത്തിൽ ആര്‍ക്കൊക്കെ എതിരെ നടപടി എടുത്തെന്നും കടുത്ത ഭാഷയിൽ ചോദിച്ചു.

എന്താണ് ആനക്കോട്ടയിൽ നടക്കുന്നതെന്ന് അറിവുണ്ടോ എന്നും മാനേജിങ് കമ്മിറ്റിക്ക് ഇതിൽ ഉത്തരവാദിത്തം വേണ്ടതില്ലേ എന്നും ചോദിച്ച കോടതി ആനകളുടെ സംരക്ഷണം സംബന്ധിച്ച് എല്ലാ വിധ ഉത്തരവുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി ദേവസ്വം ബോ‍ർഡിനോട് നിർദേശിച്ചു. പുന്നത്തൂർകോട്ടയിലെ ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, ആനകള്‍ക്ക് മർദനമേറ്റ സംഭവവും അതിന്മേൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നിവയുമടക്കം വരുന്ന ചൊവ്വാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലെ റേഞ്ച് ഫോറസ്റ്റ് ഓഫിസറെ കേസിൽ കക്ഷി ചേർത്ത കോടതി ഇവരോടും വരുന്ന ചൊവ്വാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.

ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഫ്ലയിങ് സ്ക്വാഡിനെയും കേസിൽ കക്ഷി ചേർത്ത ഹൈക്കോടതി ഇന്നു തന്നെ പുന്നത്തൂർ ആനക്കോട്ടയിലെത്തി പരിശോധന നടത്താനും പരിശോധനാ റിപ്പോർട്ട് വരുന്ന ചൊവ്വാഴ്ച തന്നെ കോടതിയിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു.

Related Articles

Latest Articles