Tuesday, December 16, 2025

ഹൈടെക്ക് കോപ്പിയടി; കോപ്പിയടി ഏകോപിപ്പിച്ചത് ഹരിയാനയിലെ കണ്ട്രോൾ റൂമിൽ ; നടന്നത് ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന അതി നൂതന കോപ്പിയടി രീതി; സാങ്കേതിക വിദ്യ വളരുമ്പോൾ അതിനനുസരിച്ച് നമ്മുടെ പരീക്ഷാരീതികളും മാറണ്ടേ ?

തിരുവനന്തപുരം : ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന വിഎസ്എസ്‌സി പരീക്ഷയിൽ ഹൈടെക്ക് ആൾമാറാട്ട കോപ്പിയടിയിൽ നിർണ്ണായക കണ്ടെത്തൽ. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ കോപ്പിയടി ഏകോപിപ്പിച്ചത് ഹരിയാനയിലെ കണ്ട്രോൾ റൂമിൽ നിന്നായിരുന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ സംഘം ഉടൻ ഹരിയാനയിലേക്ക് പുറപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. കോപ്പിയടിയും ആൾ മാറാട്ടവും തെളിഞ്ഞതോടെ ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ ഐഎസ്ആർഒ പരീക്ഷകൾ റദ്ദാക്കിയതായി ഐഎസ്ആർഒ ഇന്നലെ അറിയിച്ചിരുന്നു.

സംഭവത്തിൽ അഞ്ച് ഹരിയാന സ്വദേശികളാണ് ഇത് വരെ പിടിയിലായത്. ഇവർ സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ പുറത്തുള്ള ആളിലേക്ക് എത്തിക്കുകയും അയാൾ നൽകുന്ന ഉത്തരങ്ങൾ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി കേട്ടെഴുതുകയായിരുന്നു. പട്ടം സെന്റ് മേരീസ്, കോട്ടൺഹിൽസ് സ്കൂളുകളിലാണ് ഇവർ പരീക്ഷ എഴുതിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡിക്കല്‍ കോളജ്– മ്യൂസിയം പൊലീസ് സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. വയറിൽ ബെൽറ്റ് കെട്ടിയാണ് ഇവർ ഫോൺ ശരീരത്തിൽ ഉറപ്പിച്ചത്. അതിന് ശേഷം ചോദ്യപേപ്പറിലെ ചോദ്യങ്ങൾ സ്ക്രീൻ വ്യൂവർ വഴി ഉത്തരം നൽകാൻ പുറത്ത് കാത്തിരുന്ന ആളിൽ എത്തിക്കുകയും ശേഷം ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു. ഒരാൾ 80ല്‍ 70 ചോദ്യങ്ങൾക്കും മറ്റൊരാൾ മുപ്പതോളം ചോദ്യങ്ങൾക്കും ഉത്തരമെഴുതിയെന്നാണ് പരിശോധനയിൽ വ്യക്തമായത്. തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിൽ കോപ്പിയടിക്കുമപ്പുറം ആൾമാറാട്ടവും നടന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെ സംഭവത്തിന്റെ ഗൗരവം ഗുരുതരമാണെന്ന് അധികൃതർക്ക് മനസിലായി . മാത്രമല്ല മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിങ് സെന്റർ ജീവനക്കാരനാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ സംഘത്തിലുള്ള ആളുകളാണ് കോച്ചിങ് സെന്ററിലെത്തുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി പരീക്ഷയെഴുതുന്നത്. ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ വൻ തുകയാണ് വാങ്ങുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ സുമിത്ത് എന്നപേരിൽ പരീക്ഷ എഴുതിയത് മനോജ് കുമാർ എന്നായാളെന്നും സുനിൽ എന്ന പേരിൽ പരീക്ഷ എഴുതിയത് ഗൗതം ചൗഹാൻ എന്നാണെന്നും മ്യൂസിയം പൊലീസ് കണ്ടെത്തി.

പരീക്ഷ എഴുതാനായി ഹരിയാനയിൽ കേരളത്തിലെത്തിയത് 469 പേരാണ്. തട്ടിപ്പിന് പിടിയിലായതും ഇതേ സംസ്ഥാനത്തുനിന്നുള്ളവരാണ്. ഇത്രയുമധികം പേർ പരീക്ഷ എഴുതിയതിനാൽ തട്ടിപ്പ് വ്യാപകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പിടിയിലായവർ കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണെന്നും ഇവരുടെ പിന്നിൽ ഹരിയാണയിലെ കോച്ചിങ് സെന്ററാണെന്നുമാണ് കരുതുന്നത്. ഹരിയാണ സ്വദേശികളിൽ പലരും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചതായാണ് പ്രതികൾ പൊലീസിന് നൽകിയ വിവരം. പരീക്ഷയെഴുതിയ പലരും ഇതിനോടകം സംസ്ഥാനം വിട്ടു. വിമാനത്തിലാണ് ഇവരെത്തിയതെന്നും റിപ്പോർട്ടുകളുണ്ട് . ഇതിനിടെ കോപ്പിയടിക്ക് പുറത്തുനിന്ന് സഹായം നൽകിയ നാല് പേരെ ഇന്ന് പിടികൂടി. പിടിയിലായത്. പരീക്ഷ തുടങ്ങിയതിനു പിന്നാലെ അദ്ധ്യാപകർ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ചെവിക്കുള്ളിൽ ബ്ലൂടൂത്ത് ഹെഡ് സെറ്റ് കണ്ടെത്തിയത്. പിന്നീട് പൊലീസിന് വിവരം കൈമാറുകയായിരുന്നു.

ഹരിയാന സംഘത്തിന്റെ കോപ്പിയടി രീതി ഇങ്ങനെ

വയറ്റിൽ ബെൽറ്റ് കെട്ടി മൊബൈൽ ഫോൺ ഒളിപ്പിച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റും സ്മാർട് വാച്ചും റിമോട്ടും ഉപയോഗിച്ച് കോപ്പിയടിക്കുന്നതാണ് ഇവരുടെ രീതി. ബ്ലൂ ടൂത്ത് ഹെഡ്സെറ്റ്, ചെറിയ ക്യാമറ, ക്ലൗഡ് സ്റ്റോറേജ് എന്നിവയുപയോഗിച്ചാണ് പ്രതികൾ പദ്ധതി നടപ്പിലാക്കുന്നത് .ഹരിയാണയിലുള്ള കോച്ചിങ് സ്ഥാപനങ്ങൾക്കാണ് ഇവർ ചോദ്യപേപ്പറിന്റെ ചിത്രം അയച്ചുകൊടുത്തത്. ഹരിയാണയിലാണ് ക്രമക്കേടിന് ആസൂത്രണം നടന്നത്. പേപ്പർ ക്ലിപ്പിന്റെ അത്രയും വലുപ്പമുള്ള ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റാണ് പിടിച്ചെടുത്തത്. ചെവിക്കുള്ളിലേക്ക് ഇത് കയറ്റിവെച്ചാൽ ഒരിക്കലും തിരിച്ചറിയാനാവില്ല . പഴയ മൊബൈൽഫോണിന്റെ കവറുകൾ എല്ലാം ഊരി ഫോണിന്റെ കനം കുറയ്ക്കും. ശേഷം ക്യാമറ മാത്രം പുറത്തുകാണുന്ന രീതിയിൽ ഫോൺ ഷർട്ടിന്റെ ബട്ടൻസുള്ള സ്ഥാനത്ത് ഘടിപ്പിക്കും. പുറത്തു നിന്ന് നോക്കുന്നയാൾക്ക് ക്യാമറ ഷർട്ടിന്റെ ബട്ടൻസാണെന്നേ തോന്നുകയുള്ളൂ. ഉപകരണങ്ങളെല്ലാം പ്രവർത്തിപ്പിക്കാൻ ചെറിയ റിമോട്ടും ഇവരുടെ കൈയിലുണ്ടാകും. ക്യാമറയിൽ റിമോട്ട് കൺട്രോൾ വഴി ചോദ്യപേപ്പറിന്റെ ചിത്രമെടുക്കും. ഇത് ക്ലൗഡ് സ്റ്റോറേജായി പുറത്ത് ഒരിടത്ത് സേവ് ചെയ്യും. പുറത്തുനിന്നുള്ളയാൾ ചോദ്യ പേപ്പർ പരിശോധിച്ച ശേഷം ഉത്തരങ്ങൾ ഹെഡ്‌സെറ്റ് വഴി പറഞ്ഞുകൊടുക്കും.

Previous article
Next article

Related Articles

Latest Articles