ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദു മുന്നണി പ്രവർത്തകനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. തിരുപ്പൂർ ജില്ലയിലെ കുമാരനന്ദപുരം ഗ്രാമത്തിലായിരുന്നു സംഭവം. ഹിന്ദു മുന്നണിയുടെ നിയമവിഭാഗവുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മുപ്പത് വയസുള്ള ബാലമുരുഗൻ എന്നയാളാണ് കൊല്ലപ്പെട്ടത് .ഇന്ന് പുലർച്ചെ നാല് മണിയോടെ പുറത്തേക്കിറങ്ങിയപ്പോൾ വീടിന് സമീപത്തായി മറഞ്ഞിരുന്ന മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചുവരികയാണ്. നിലവിൽ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രതികളെ കണ്ടെത്താനുളള ദൗത്യം ആരംഭിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

