അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യദുരന്തത്തിൽ 21 മരണം. അമൃത്സറിലെ മജിത ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. വ്യാജമദ്യം കഴിച്ച് അവശനിലയിലായ നിരവധി പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട എക്സൈസ്, ടാക്സ് ഓഫീസർ ജില്ലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,
വ്യാജമദ്യ നിർമ്മാണത്തിന് ഓൺലൈൻ വഴിയാണ് മെഥനോൾ വാങ്ങിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകുന്നേരം മദ്യം വാങ്ങിയവരാണ് ദുരന്തത്തിന് ഇരകളായതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ചിലർ മരിച്ചെങ്കിലും നാട്ടുകാർ പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കുകയായിരുന്നു. വ്യാജമദ്യ നിർമ്മാണം തടയുന്നതിൽ ആംആദ്മി സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി ഹർപൽ സിങ് ചീമയും രാജിവെക്കണമെന്നും ആവശ്യമുയർന്നിരിക്കുകയാണ്

