Monday, December 15, 2025

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തർക്കം; ഹോട്ടൽ ഉടമയെ ജീവനക്കാർ കൊലപ്പെടുത്തി!നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് എതിർവശത്തുള്ള ‘കേരള കഫേ’യുടെ ഉടമകളിലൊരാളുമായ ജസ്റ്റിൻ രാജിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ഇടപ്പഴിഞ്ഞിയിലെ വാടകവീടിന്റെ പുരയിടത്തിൽ പായയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ ജീവനക്കാരായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ മുതൽ ജസ്റ്റിൻ രാജിനെ കാണാതായിരുന്നു. ഹോട്ടലിൽ ജോലിക്കെത്താതിരുന്ന നേപ്പാൾ സ്വദേശിയായ ഡേവിഡ്, അടിമലത്തുറ സ്വദേശി രാജേഷ് എന്നീ ജീവനക്കാരെ അന്വേഷിച്ച് അവരുടെ വാടക വീട്ടിലേക്ക് പോയതായിരുന്നു ജസ്റ്റിൻ രാജ്. എന്നാൽ, ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹം തിരികെ എത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടപ്പഴിഞ്ഞിയിലെ ജീവനക്കാർ താമസിക്കുന്ന വീടിന്റെ പുറകുവശത്തായി മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതികളെ മണിക്കൂറുകൾക്കകം അടിമലത്തുറയിൽ നിന്നാണ് മ്യൂസിയം പോലീസ് പിടികൂടിയത്. ഇവർ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ജസ്റ്റിൻ രാജിന്റെ അപ്രതീക്ഷിത മരണം നഗരത്തിലെ വ്യാപാരി സമൂഹത്തെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം കേരള കഫേയുടെ നാല് പങ്കാളികളിൽ ഒരാളാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles