ദില്ലി: കശ്മീർ പാകിസ്ഥാന്റെ കണ്ഠനാഡിയാണെന്ന പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തള്ളിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയുക എന്നതാണ് കശ്മീരുമായുള്ള പാകിസ്ഥാന്റെ ഏക ബന്ധമെന്ന് വ്യക്തമാക്കി. ഒരു വിദേശ രാജ്യം എങ്ങനെയാണ് പാകിസ്ഥാന്റെ കണ്ഠനാഡിയാകുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ചോദിച്ചു.
വിദേശത്ത് താമസിക്കുന്ന പാകിസ്ഥാനികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പാക് സൈനിക മേധാവി ജനറൽ അസിം മുനീർ വിവാദ പ്രസ്താവന നടത്തിയത് കശ്മീർ പാകിസ്ഥാന്റെ കണ്ഠനാഡിയായിരുന്നെന്നും ഇനിയും അത് അങ്ങനെ തന്നെയായിരിക്കുമെന്നും കാശ്മീരി സഹോദരന്മാരുടെ വീരോചിതമായ പോരാട്ടത്തിൽ അവരെ ഉപേക്ഷിക്കില്ലെന്നുമായിരുന്നു അസിം മുനീറിന്റെ പരാമർശം. ഹിന്ദുക്കൾക്കെതിരെയും മുനീർ ചടങ്ങിൽ സംസാരിച്ചിരുന്നു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂർവികർ കരുതിയിരുന്നതായും നമ്മുടെ മതങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ചിന്തകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമായിരുന്നുവെന്നും മുനീർ ചടങ്ങിൽ പറഞ്ഞു.

