Thursday, December 18, 2025

സിപിഎം പേജിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെ? അന്വേഷണം പ്രതിസന്ധിയിൽ, ഇരുട്ടിൽ തപ്പി പോലീസ്

പത്തനംതിട്ട : പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ വീഡിയോ പത്തനംതിട്ട സിപിഎം എഫ്ബി പേജിൽ വന്ന സംഭവത്തിൽ കേസെടുക്കാതെ പോലീസ്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി എസ്പിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് എസ്‍പി നേരത്തെ അറിയിച്ചിരുന്നു. സംഭവത്തില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടും. ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്ന് ജില്ലാ സെക്രട്ടറി സ്ഥിരീകരിച്ചിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നാണ് കെ പി ഉദയഭാനുവിന്റെ വിശദീകരണം. എന്നാൽ വീഡിയോ വന്നത് സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും, സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎമ്മിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത് സംഭവം ചർച്ചയായതിന് പിന്നാലെ രാത്രി തന്നെ വീഡിയോ പേജിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. പേജിന്‍റെ അഡ്മിന്മാരിൽ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും പേജ് ഹാക്ക് ചെയ്തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഎം.

വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി നടന്നിരുന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടായിരുന്നു അഴിച്ചപണി. വീഡിയോ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ തന്നെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

Related Articles

Latest Articles