പന്തളം : ശബരിമലയിൽ ദ്വാരപാലക വിഗ്രഹത്തിൽ 1998 ൽ വിജയ് മല്യ വഴിപാടായി സമർപ്പിച്ച സ്വർണ്ണപ്പാളികൾ 2019 ൽ ചെമ്പു പാളിയായത് എങ്ങനെയെന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം. സ്പോൺസർമാരായി വരുന്നവർക്ക് ആ പ്രവർത്തി ചെയ്യുവാനുള്ള കഴിവും സാമ്പത്തികവും ഉണ്ടോ എന്ന് അന്വോഷിക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഇതുപോലെ ഉള്ള പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്നതിനു പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും തന്നെ 2019 ൽ ഉണ്ടാകാത്തത് എന്നുള്ളത് ഭക്തജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നും അന്നത്തെ നടപടിക്രമങ്ങൾ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്ത അതിൻറെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആരായാലും അത് കണ്ടെത്തുകയും ഇതിനു
പിന്നിൽ ആരൊക്കെ ഉണ്ടായിരുന്നുവോ അവരെ എല്ലാം കണ്ടു പിടിച്ച്ഭക്തജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഈ സർക്കാരിനുണ്ടെന്നും പന്തളം കൊട്ടാരം നിർവ്വാഹക സംഘം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
“2019 ൽ മദാസിലെ കമ്പനിയിൽ എത്തിച്ച പാളികൾ ആ കമ്പനി സ്വർണ്ണം “പൂശി” തിരികെ കൊണ്ടുവന്നതിനു ശേഷം 6 വർഷം കഴിഞ്ഞപ്പോൾ അത് വീണ്ടും കറത്തുപോയി, നിറം മങ്ങി എന്നു പറയുമ്പോൾ 2019 ൽ ആ കമ്പനി എത്ര കനത്തിൽ ആണ് (എത്രമൈക്രോൺ) അന്ന് സ്വർണ്ണം പൂശിയത് എന്നു കൂടി പരിശോധിക്കണം അവർ അത് പറയണം.ഇന്ന് പ്രതി പട്ടികയിൽ നിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്താൽ ഇതിന്റെ എല്ലാം സത്യാവസ്ഥ അറിയാൻ സാധിക്കും.അതല്ല എന്നുണ്ടെങ്കിൽ 2019 നു മുമ്പ് ഇത് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കണം.”- പന്തളം കൊട്ടാരം നിർവ്വാഹക സംഘം ആവശ്യപ്പെട്ടു

