കുഞ്ഞുങ്ങളുടെ ഭക്ഷണം എന്ത് ഒക്കെ കൊടുക്കാം, എപ്പോഴൊക്കെ കൊടുക്കാം,അത് കൊടുക്കരുത് ഇത് കൊടുക്കരുത്… അങ്ങനെ അങ്ങനെ ഒരുപാട് സംശയങ്ങളും തെറ്റിദ്ധാരണകളും നിലവിലുണ്ട്.ശാസ്ത്രീയവും, ആരോഗ്യപ്രദവുമായ രീതികളിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയെന്നും എന്തൊക്കെ കുട്ടികൾക്ക് എപ്പോഴൊക്കെ നൽകാം എന്നതിനെക്കുറിച്ചും ശിശുരോഗവിദഗ്ധയും ജനകീയാരോഗ്യപ്രവർത്തകയുമായ, ഡോ.വിദ്യ വിമൽ വിശദീകരിക്കുന്നു.
പനംകൽക്കണ്ടം കുറുക്കിലിട്ടാല്‍ കഫം വരില്ല, രാത്രി കുറുക്ക് അല്ലെങ്കിൽ കട്ടിയാഹാരം കൊടുക്കാൻ പാടില്ല, കരിപ്പെട്ടി കുറുക്കിലിടരുത്, പഴം കൊടുത്താല്‍ കഫം, കൂവരകിന് തണുപ്പ്,
അങ്ങനെ അരുതുകളുടെ പട്ടിക ഓരോരുത്തരും സ്വന്തം നിഗമനങ്ങളിലൂടെ ആവർത്തിച്ച് ഓരോ അമ്മമാരും അത് തുടർന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ കുട്ടികളുടെ ഭക്ഷണരീതിയിലും കാര്യമായ പ്രശ്നങ്ങൾ വരാം.
സാധാരണയായി അമ്മമാർ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇതൊക്കെയാണ്.
- കുറുക്ക് രാത്രി കൊടുത്താല്‍ പ്രശ്നമുണ്ടോ ? ദഹിക്കുമോ ? ഇല്ല. കുഞ്ഞിൻറെ വിശപ്പാണ് പ്രധാനം. ദഹനത്തിന് പ്രശ്നമുണ്ടാകില്ല.
- കൂവരക് തണുപ്പാണോ?
കൂവരക് മറ്റ് കുറുക്കു പോലെ തന്നെ. എന്നാൽ ഗുണം ഏറെയുള്ളതാണ്. - പഴം കൊടുത്താൽ കഫം കൂടുമോ ?
പഴവും കഫവുമായി ബന്ധമൊന്നുമില്ല. ഒരു കുഞ്ഞിന് കഫക്കെട്ട് വരാനുള്ള കാരണം നെഞ്ചില്‍ അണുബാധ അല്ലെങ്കില്‍ ആസ്ത്മ കൊണ്ടാകാം. കഫവും പഴവുമായി ബന്ധമൊന്നുമില്ല. - കുഞ്ഞിന് കട്ടിയാഹാരം എപ്പോൾ കൊടുക്കാം ?
കട്ടിയാഹാരം ആറു മാസം മുതൽ തുടങ്ങാം. അതാണ് ഉത്തമം. ജോലിക്കു പോകുന്ന അമ്മമാര്‍, മുലപ്പാൽ തികയാതെ വരുന്ന സാഹചര്യത്തില്‍ നാലു മാസത്തിനു മുകളിൽ തുടങ്ങാം. - എന്തുകൊണ്ട് ആറുമാസം ?
- ആറ് മാസമാകുമ്പോൾ കുഞ്ഞിന്റെ തല ഉറയ്ക്കുന്നു. പല്ലു വരികയും ദഹനപ്രക്രിയ പൂർണ്ണതയിൽ എത്തുകയും, മുലപ്പാൽ കൊണ്ട് മാത്രം കുഞ്ഞിന്‍റെ വളർച്ചയ്ക്ക് തികയാതെ വരികയും ചെയ്യുന്നു.
- കട്ടിയാഹാരം ആറുമാസത്തിൽ അല്ലാതെ വൈകി തുടങ്ങിയാൽ കുഴപ്പമാകുമോ ?
കുഞ്ഞിന് രുചിമുകുളങ്ങൾ ( taste buds ) വരുന്നത് എട്ടുമാസത്തിനു അടുത്താണ്. വളരെ വൈകി കട്ടിയാഹാരം തുടങ്ങുമ്പോൾ കുഞ്ഞിന് ആഹാരം സ്വീകരിക്കാൻ മടി കാണിക്കും. - കുറുക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? കട്ടിയാഹാരം മുലപ്പാലിന് പകരമല്ല. അധിക ആഹാരമാണ്.
മടിയില്‍ ഇരുത്തി പാത്രത്തിൽ കുറുക്ക് എടുത്ത് സ്പൂണില്‍ കോരി കൊടുക്കുക
ഒരു ഭക്ഷണവും മിക്സിയില്‍ അടിച്ചു കൊടുക്കാതിരിക്കുക.
പുതിയ ആഹാരം രാവിലെ തുടങ്ങുക. ഒന്നു കൊടുത്തു ഒരാഴ്ച നോക്കി അടുത്തത് കൊടുക്കുക. കട്ടി കുറച്ച് തുടങ്ങുക, പിന്നീട് സമാധാനം കട്ടി കൂട്ടുക. - എത്ര തവണ കുറുക്ക് കൊടുക്കണം ?
ആറു മാസം കഴിഞ്ഞു കുറുക്കു തുടങ്ങാം. മുലപ്പാലിന് പുറമേ കുറുക്ക് കൊടുത്തു തുടങ്ങാം. 6 മുതൽ 9 വരെ രണ്ടോ മൂന്നോ തവണ കൊടുക്കുക. 10 മുതൽ 12 വരെ മൂന്നോ നാലോ തവണ. ഒരു വയസ്സിനു മുകളിൽ 5 മുതൽ 6 വരെ തവണ കൊടുക്കുക. ഒരു വയസ്സു മുതൽ വീട്ടിലെ ഭക്ഷണം എല്ലാം ശീലിപ്പിക്കുക. - പശുവിൻറെ പാൽ എപ്പോൾ കൊടുക്കാം ?
കുഞ്ഞുങ്ങൾക്ക് മുലപ്പാൽ രണ്ടുവയസ്സുള്ള കൊടുക്കുക. മുലപ്പാൽ തികയാത്ത അമ്മമാർ കഴിയുന്നതും മുലപ്പാൽ കൊടുക്കുന്ന സമയത്ത് പശുവിൻറെ പാലിന്‍റെ ആവശ്യമില്ല. അലർജി, ആസ്ത്മ മുതലായവ മാതാപിതാക്കൾക്ക് അല്ലെങ്കിൽ കുടുംബത്തിൽ ആര്‍ക്കെങ്കിലും ഉണ്ടെങ്കിൽ കഴിയുന്നതും പശുവിന്റെ പാല്‍ കൊടുക്കുന്നത് വൈകിപ്പിക്കുന്നതാണ് ഉത്തമം. മുലപ്പാൽ തികയാത്ത അമ്മമാർക്ക് ഒരു വയസിനപ്പുറം ആവശ്യമെങ്കിൽ നല്‍കാം. - പനി, ജലദോഷം ഉള്ളപ്പോള്‍ കുറുക്ക് നൽകാമോ ?
കുട്ടി കഴിക്കുമെങ്കില്‍ തീർച്ചയായും നല്‍കാം. പനി, ജലദോഷം ഉള്ളപ്പോൾ കുഞ്ഞ് കഴിക്കുവാൻ മടി കാണിക്കും, അതിനാൽ അളവു കുറച്ച് പലതവണകളായി കൊടുക്കുക. സാവധാനം കുറുക്ക് കൊടുക്കുന്നതു കൊണ്ട് ദോഷമില്ല.

