Saturday, December 13, 2025

ബെംഗളൂരുവിൽ വൻ ലഹരി വേട്ട ! ആറരക്കോടിയുടെ ലഹരി പിടിച്ചെടുത്തു ! 9 മലയാളികളും ഒരു നൈജീരിയൻ പൗരനും പിടിയിൽ

ബെംഗളൂരു നഗരത്തില്‍ വൻ ലഹരി വേട്ട. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ആറരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിവിധ കേസുകളിലായി 9 മലയാളികളെയും ഒരു നൈജീരിയൻ പൗരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈല്‍ഫോണുകളും വാഹനങ്ങളും പിടിച്ചെടുത്തു.

ബെംഗളൂരുവില്‍ എന്‍ജിനീയറായ മലയാളി ജിജോ പ്രസാദ്(25) എന്നയാളില്‍നിന്ന് ഒരു കിലോ ഹൈഡ്രോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. ഇയാളുടെ ബൊമ്മസാന്ദ്രയിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടരക്കിലോ ഹൈഡ്രോ കഞ്ചാവ് കൂടി കണ്ടെടുത്തു. ഇവിടെ നിന്ന് 26.06 ലക്ഷം രൂപയും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ കേരളത്തില്‍നിന്നാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ബെംഗളൂരുവിലേക്ക് എത്തിച്ചിരുന്നത്. ഹൈഡ്രോ കഞ്ചാവ് ഗ്രാമിന് 12,000 രൂപ വരെ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ബൊമ്മസാന്ദ്രയിലെ വാടകവീട് കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വില്‍പ്പന നടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.

മറ്റൊരു കേസില്‍ 110 ഗ്രാം എംഡിഎംഎയുമായി മലയാളികളായ എട്ടുപേരെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രണ്ടുകോടി രൂപയുടെ എംഡിഎംഎയുമായി ഒരു വിദേശപൗരനും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. 2012-ല്‍ ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയ നൈജീരിയന്‍ പൗരനാണ് അറസ്റ്റിലായത്.

Related Articles

Latest Articles