ദില്ലി : തനിക്ക് പണത്തേക്കാളുപരിയാണ് ചില കാര്യങ്ങളെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. ലോകകപ്പ് ജയിച്ചപ്പോൾ ബി.സി.സി.ഐ നൽകിയ 2.5 കോടിയുടെ അധിക ബോണസ് വേണ്ടെന്ന് വച്ചാണ് രാഹുൽ ദ്രാവിഡ് വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ടീമിലെ മറ്റു സപ്പോർട്ടിങ് സ്റ്റാഫിന് ലഭിക്കുന്നതിന് തുല്യമായ 2.5 കോടി രൂപ തന്നെ തനിക്കും മതിയെന്നാണ് രാഹുൽ ദ്രാവിഡിൻറെ നിലപാട്.
ലോകകപ്പ് കളിച്ച ഇന്ത്യൻ താരങ്ങൾക്ക് നൽകുന്ന 5 കോടി രൂപ തന്നെ ദ്രാവിഡിനും നൽകാനായിരുന്നു ബി.സി.സി.ഐ തീരുമാനം. എന്നാൽ സപ്പോർട്ടിങ് സ്റ്റാഫിന് നൽകുന്ന തുക തന്നെ തനിക്കും മതിയെന്ന് രാഹുൽ ദ്രാവിഡ് ക്രിക്കറ്റ് ബോർഡിനെ അറിയിക്കുകയായിരുന്നു. ബൗളിങ് കോച്ച് പരാസ് മാംബ്രെ, ഫിൽഡിങ് കോച്ച് ടി. ദിലിപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോർ എന്നിവർക്ക് 2.50 കോടി രൂപയാണ് ബി.സി.സി.ഐ നൽകുന്നത്. ഇത്രയും തുക തന്നെ തനിക്കും മതിയെന്നാണ് രാഹുൽ ദ്രാവിഡിന്‍റെ നിലപാട്. 15 അംഗ ടീമിനും ദ്രാവിഡിനും 5 കോടി രൂപ വീതവും സപ്പോർട്ടിങ് സ്റ്റാഫിന് 2.5 കോടി രൂപ വീതവും സെലക്ടർമാർക്കും ട്രാവലിങ് മെമ്പേഴ്സിനും 1 കോടി രൂപ വീതവും എന്നിങ്ങനെ നൽകാനായിരുന്നു ബി.സി.സി.ഐയുടെ തീരുമാനം.
അതേസമയം, ഇതാദ്യമായല്ല പ്രതിഫലം തുല്യമായി വിതരണം ചെയ്യണമെന്ന നിലപാട് രാഹുൽ ദ്രാവിഡ് സ്വീകരിക്കുന്നത്. 2018 ലെ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിൻ്റെ മുഖ്യ പരിശീലകനെന്ന നിലയിലും സമാനമായ ഒരു അഭിപ്രായം രാഹുൽ ദ്രാവിഡ് ഉന്നയിച്ചിരുന്നു. രാഹുൽ ദ്രാവിഡിൻ്റെ സ്ഥാനത്തിനനുസരിച്ച് അദ്ദേഹത്തിന് 50 ലക്ഷം രൂപയും സപ്പോർട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങൾക്ക് 20 ലക്ഷം രൂപയും, ഓരോ കളിക്കാർക്കും 30 ലക്ഷം രൂപ വീതവും നൽകാമെന്ന് ബി.സി.സി.ഐ തീരുമാനിച്ചപ്പോൾ, അദ്ദേഹം ആ ഫോർമുല നിരസിക്കുകയായിരുന്നു. ബി.സി.സി.ഐ എല്ലാവർക്കും തുല്യമായി നൽകണമെന്നായിരുന്നു അപ്പോഴും രാഹുൽ ദ്രാവിഡിൻ്റെ ആവശ്യം. ഇതനുസരിച്ച് രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള കോച്ചിംഗ് സ്റ്റാഫിലെ ഓരോ അംഗത്തിനും 25 ലക്ഷം രൂപ വീതമാണ് ബി.സി.സി.ഐ നൽകിയത്.

