Monday, December 15, 2025

എനിക്ക് മോദിക്കൊപ്പം യാത്ര ചെയ്താൽ മതി ! പ്രധാനമന്ത്രിക്കായി പുടിൻ കാത്തുനിന്നത് 10 മിനിട്ട് !എസ്‌സി‌ഒ ഉച്ചകോടിയിൽ ശ്രദ്ധ നേടി സംയുക്ത യാത്ര

ബെയ്ജിങ്: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) ഉച്ചകോടി വേദിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ അപ്രതീക്ഷിത സംയുക്ത യാത്ര അന്താരാഷ്ട്ര ശ്രദ്ധ നേടി. അമേരിക്കയുടെ എതിർപ്പുകൾക്കിടയിലും ഇന്ത്യ റഷ്യയുമായുള്ള ബന്ധം ശക്തമാക്കുന്നുവെന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.

ഉച്ചകോടി നടന്ന വേദിയിൽ നിന്ന് ഉഭയകക്ഷി ചർച്ചയ്ക്കായി റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലേക്ക് പോകുമ്പോൾ പുടിൻ മോദിക്കായി ഏകദേശം 10 മിനിറ്റോളം കാത്തുനിന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും പുടിന്റെ വാഹനത്തിലാണ് യാത്ര ചെയ്തത്. യാത്രയ്ക്കിടെ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയ നേതാക്കൾ, ഹോട്ടലിലെത്തിയ ശേഷവും 45 മിനിറ്റോളം കാറിൽ ചെലവഴിച്ചു. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട ഉഭയകക്ഷി ചർച്ചയും നടന്നു.

“എസ്‌സി‌ഒ ഉച്ചകോടിയിലെ നടപടിക്രമങ്ങൾക്ക് ശേഷം, പ്രസിഡന്റ് പുടിനും ഞാനും ഞങ്ങളുടെ ഉഭയകക്ഷി യോഗത്തിന്റെ വേദിയിലേക്ക് ഒരുമിച്ച് യാത്ര ചെയ്തു. അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ എപ്പോഴും ഉൾക്കാഴ്ച നൽകുന്നതാണ്.”- പുടിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്ൻ യുദ്ധത്തിന് സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് അമേരിക്ക അധിക തീരുവയും പിഴയും ചുമത്തിയ സാഹചര്യത്തിലാണ് പുടിന്റെ ഈ ഇന്ത്യൻ അനുകൂല നീക്കം. ഉച്ചകോടിയുടെ ഔദ്യോഗിക തുടക്കം ഇന്നലെ രാത്രി ഷി ജിൻപിങ് നൽകിയ വിരുന്നോടെയായിരുന്നു. ഉച്ചകോടിയിൽ പങ്കെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച മോദി, തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഷി ജിൻപിങ്ങിനോട് നന്ദി അറിയിച്ചു. പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചൈന നല്‍കിയ പിന്തുണയ്ക്കും മോദി നന്ദിയറിയിച്ചു.

Related Articles

Latest Articles