ബീജിംഗ് : ശുദ്ധ വായു ശ്വസിക്കാൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൈന ഈസ്‌റ്റേൺ എയർലൈൻസ് വിമാനം ലാൻഡ് ചെയ്ത ഉടനെയായിരുന്നു സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച ചാങ്ഷായിൽ നിന്ന് കുൻമിങ്ങിലേക്ക് എത്തിയ എംയു5828 വിമാനം റൺവേയിൽ ടാക്സിയിങ് നടത്തുന്നതിനിടെ ഒരു യാത്രക്കാരൻ എമർജൻസി ഹാൻഡിൽ വലിച്ച് എവാക്വേഷൻ സ്ലൈഡ് പുറത്തിറക്കിയത്.
ക്യാബിനിൽ പരിഭ്രാന്തി പരന്നതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയ ശേഷം 20 മിനിറ്റിന് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയിൽ, അനാവശ്യമായി വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കുന്നത് 10,482 പൗണ്ട് മുതൽ 20,000 പൗണ്ടിലധികം വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.

