Sunday, December 21, 2025

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി ടൂർ പാക് അധീന കശ്മീരിലേക്ക് നടത്താനുള്ള പാകിസ്ഥാൻ ശ്രമം പൊളിഞ്ഞു; നീക്കത്തിന് തടയിട്ടത് ജയ് ഷാ; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ദില്ലി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായുള്ള പ്രമോഷൻ പരിപാടിയായ ട്രോഫി ടൂർ പാക് അധീന കശ്മീരിൽ സംഘടിപ്പിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം പൊളിച്ച് ഇന്ത്യ. ഇന്ന് ഇസ്ലാമബാദിൽ നിന്ന് തുടങ്ങി സ്കർദു, മുറീ, ഹൻസാ, മുസഫറാബാദ് തുടങ്ങി പാക് അധീന കശ്മീരിലെ നഗരങ്ങളിലൂടെയാണ് ട്രോഫി ടൂർ നിശ്ചയിച്ചിരുന്നത്. എന്നാൽ ബി സി സി ഐ യും അദ്ധ്യക്ഷൻ ജയ് ഷായും ഈ നീക്കത്തെ ശക്തമായി എതിർക്കുകയായിരുന്നു. അങ്ങേയറ്റം പ്രകോപനപരമായ നീക്കമാണ് പാകിസ്ഥാനിൽ നിന്നുണ്ടായതെന്നും ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പരമാധികാരത്തെ ചോദ്യം ചെയ്യാൻ പാകിസ്ഥാൻ ക്രിക്കറ്റിനെ ഉപയോഗിക്കുന്നുവെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചത്. ഇതോടെ ട്രോഫി ടൂർ പരിപാടി ഐ സി സി റദ്ദാക്കുകയായിരുന്നു.

2025 ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് പാകിസ്ഥാനിലാണ് നടക്കുക. പാകിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാൻ സുരക്ഷാ കാരണങ്ങളാൽ ബുദ്ധിമുട്ട് ഉണ്ടെന്ന് ബി സി സി ഐ നേരത്തെ തന്നെ ഐ സി സിയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ പങ്കെടുക്കുന്ന മത്സരങ്ങൾ ദുബായിൽ നടത്താനുള്ള സാധ്യത ഐ സി സി തിരയുന്നുണ്ടെങ്കിലും പാകിസ്ഥാൻ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ട്രോഫി ടൂർ വിവാദത്തിലാകുന്നത്. പരിപാടി റദ്ദാക്കിയതോടെ പാകിസ്ഥാൻ വലിയ നാണക്കേടിലാകുകയും ചെയ്‌തു. ബി സി സി ഐ അദ്ധ്യക്ഷൻ ജയ് ഷാ ഐ സി സി അധികൃതരുമായി നടത്തിയ ചർച്ചകളും സമ്മർദ്ദവുമാണ് ട്രോഫി ടൂർ റദ്ദാക്കാൻ ഐ സി സി യെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. ട്രോഫി ടൂർ ഷെഡ്യൂൾ ചെയ്യുന്നതിന് മുമ്പ് പാക്കിസ്ഥാൻ ഐ സി സി യുമായി കൂടിയാലോചിച്ചില്ല എന്ന വിവരവുമുണ്ട്.

Related Articles

Latest Articles