ദുബായ് : ഐസിസി പുറത്തിറിക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിൽ ബോർഡർ ഗവാസ്കർ പരമ്പരയിലെ തകർപ്പൻ വിജയത്തിന്റെ പിൻബലത്തിൽ ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. ടെസ്റ്റ് ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ആർ. അശ്വിൻ നിലനിർത്തി. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 25 വിക്കറ്റ് വീഴ്ത്തി മികച്ച ഫോമിലായ അശ്വിന്‍ നേരത്തെതന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു.
പുതിയ റാങ്കിങ് പ്രകാരം 869 റേറ്റിങ് പോയിന്റുമായി അശ്വിൻ ഒന്നാമതും 10 പോയിന്റ് വ്യത്യാസത്തിൽ 859 പോയിന്റുമായി ആൻഡേഴ്സന്‍ രണ്ടാം സ്ഥാനത്തുമാണ്. ബോളർമാരുടെ പട്ടികയിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സാണു മൂന്നാം സ്ഥാനത്ത്. ഒരു സ്ഥാനം താഴേക്കിറങ്ങിയ രവീന്ദ്ര ജഡേജ ഒൻപതാം സ്ഥാനത്താണ്. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ കോലിയും സ്ഥാനം മെച്ചപ്പെടുത്തി. അഹമ്മദാബാദ് ടെസ്റ്റിൽ സെഞ്ചറി നേടിയ കോലി എട്ട് സ്ഥാനങ്ങൾ ഉയർന്ന് പതിമൂന്നാമതെത്തി.
ക്യാപ്റ്റൻ രോഹിത് ശർമ ഒരു സ്ഥാനം ഉയർന്ന് പത്താമതുണ്ട്. ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ സർവാധിപത്യമാണ്. രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തും ആർ. അശ്വിൻ രണ്ടാം സ്ഥാനത്തും അക്ഷർ പട്ടേല്‍ നാലാം സ്ഥാനത്തുമാണ്.

