ദില്ലി: മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ നിലപാടിനെ തള്ളി സിപിഐ നേതാവ് ആനി രാജ. മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം. അല്ലെങ്കിൽ സർക്കാരിന് മുകളിൽ നിഴൽ വീഴുമെന്നും ആനി രാജ പറഞ്ഞു. നീതി ഉറപ്പാക്കുന്നുണ്ടെന്ന് ഇരകൾക്ക് ബോധ്യം വരണം. രാജ്യത്ത് മറ്റെവിടെയും ഇടതുപക്ഷ സർക്കാറില്ല. പ്രതികരണം എന്തെന്ന് വലിയ പ്രതീക്ഷയോടെ നോക്കുന്ന സമയമാണിത്. അതിന്റെ ഗൗരവം കേരളത്തിലെ സർക്കാർ എടുക്കുമെന്നു കരുതുന്നു. കേരളം ഒരു വാട്ടർ ഷെഡ് മൂവ്മെന്റിലൂടെ കടന്നു പോകുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവായ വൃന്ദ കാരാട്ടും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ആനി രാജ കൂട്ടിച്ചേർത്തു.
അതേസമയം കുറ്റാരോപിതനായ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു . മന്ത്രിമാരെ പോലെ എക്സിക്യൂട്ടീവ് പദവിയിലിരിക്കുന്നവരാണെങ്കിൽ മാറ്റി നർത്താം. എന്നാൽ, സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും. കേസന്വേഷണത്തിൽ എം.എൽ.എ എന്ന നിലയിൽ ഒരു ആനുകൂല്യവും മുകേഷിന് നൽകില്ലന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു .

