Wednesday, December 24, 2025

സാഹസത്തിന് മുതിർന്നാൽ ചരിത്രവും ഭൂമിശാസ്ത്രവും മാറുന്ന തരത്തിൽ തിരിച്ചടി നൽകും ! സർ ക്രീക്കിലെ പ്രകോപനങ്ങൾക്ക് പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി : ഇന്ത്യ- പാക് അതിർത്തി പ്രദേശമായ സർ ക്രീക്ക് മേഖലയിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്ന പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാകിസ്ഥാൻ ഓർക്കുന്നത് നല്ലതായിരിക്കുമെന്ന് രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകി.

”സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ കഴിഞ്ഞിട്ടും, സർ ക്രീക്ക് മേഖലയിലെ അതിർത്തി സംബന്ധിച്ച തർക്കം പാകിസ്ഥാൻ കുത്തിപ്പൊക്കുകയാണ്. ചർച്ചകളിലൂടെ ഇത് പരിഹരിക്കാൻ ഭാരതം പലതവണ ശ്രമിച്ചെങ്കിലും പാകിസ്ഥാന്റെ ഉദ്ദേശ്യശുദ്ധി ശരിയല്ല. സർ ക്രീക്കിനോട് ചേർന്ന പ്രദേശങ്ങളിൽ പാക് സൈന്യം അടുത്തിടെ സൗകര്യങ്ങൾ വികസിപ്പിച്ചതിൽ ദുരുദ്ദേശ്യമുണ്ട്.

ഇന്ത്യൻ സൈന്യവും ബിഎസ്എഫും സംയുക്തമായി ഭാരതത്തിന്റെ അതിർത്തികൾ ജാഗ്രതയോടെ സംരക്ഷിക്കുകയാണ്. സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ സാഹസത്തിന് മുതിർന്നാൽ ചരിത്രവും ഭൂമിശാസ്ത്രവും മാറുന്ന തരത്തിലുള്ള മറുപടി ലഭിക്കും. ഓപ്പറേഷൻ സിന്ദൂറിൽ ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ശക്തികൾ എവിടെ ഒളിച്ചിരുന്നാലും അവരെ ഇല്ലാതാക്കുമെന്ന് ഇന്ത്യൻ നൈന്യം തെളിയിച്ചു കഴിഞ്ഞു. ഭീകരവാദമോ മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്‌നമോ ആകട്ടെ, നേരിടാനും പരാജയപ്പെടുത്താനുമുള്ള കഴിവ് ഞങ്ങൾക്കുണ്ടെന്ന് ഇന്നത്തെ ഭാരതം പറയുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത്, ലേ മുതൽ ഈ സർ ക്രീക്ക് പ്രദേശം വരെയുള്ള ഭാരതത്തിന്റെ പ്രതിരോധ സംവിധാനം തകർക്കാൻ പാകിസ്താൻ വിഫലമായ ശ്രമം നടത്തി. ഇന്ത്യൻ സായുധ സേന പാക് വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണ്ണമായും തുറന്നുകാട്ടുകയും എപ്പോൾ, എവിടെ, എങ്ങനെ വേണമെങ്കിലും പാകിസ്ഥാന് കനത്ത നാശനഷ്ടം വരുത്താൻ ഇന്ത്യൻ സേനയ്ക്ക് കഴിയുമെന്ന് ലോകത്തിന് സന്ദേശം നൽകുകയും ചെയ്തു.

ഞങ്ങളുടെ സൈനിക നടപടി ഭീകരവാദത്തിനെതിരെ ആയതുകൊണ്ട് ഞങ്ങൾ സംയമനം പാലിച്ചു. സാഹചര്യം വഷളാക്കുന്നതും യുദ്ധം ചെയ്യുന്നതും ഓപ്പറേഷൻ സിന്ദൂരിന്റെ ലക്ഷ്യമായിരുന്നില്ല. ഓപ്പറേഷൻ സിന്ദൂരിന്റെ എല്ലാ സൈനിക ലക്ഷ്യങ്ങളും ഇന്ത്യൻ സേന വിജയകരമായി കൈവരിച്ചു. ഭീകരവാദത്തിനെതിരായ ഞങ്ങളുടെ പോരാട്ടം തുടരും.”-രാജ്‌നാഥ്‌ സിങ് പറഞ്ഞു.

Related Articles

Latest Articles