കൽപ്പറ്റ: രാഹുല്‍ ഗാന്ധിക്ക് സ്വന്തമായി വീടില്ലാത്തതിനാൽ വയനാട്ടില്‍ വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി ബിജെപി. തനിക്ക് 52 വയസായിട്ടും സ്വന്തമായി വീടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകൾ കഴിഞ്ഞ ദിവസം ഏറെ വൈറലായി മാറിയിരുന്നു. നിരവധി ട്രോളുകളും രാഹുല്‍ ഗാന്ധിയ്ക്ക് ഇതിന്റെപേരിൽ നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്.
സ്വന്തമായി വീടില്ലാത്ത രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തണമെന്നും വയനാട്ടില്‍ വീട് നിര്‍മ്മിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി അംഗം അപേക്ഷ നല്‍കിയിരിക്കുന്നത്. കല്‍പ്പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് ബി.ജെ.പി വയനാട് ജില്ലാ അദ്ധ്യക്ഷന്‍ കെപി മധുവാണ് അപേക്ഷ നല്‍കിയത്. 52 വയസായിട്ടും വീടില്ലാത്ത രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയുടെ സിരാകേന്ദ്രമായ കല്‍പ്പറ്റയില്‍ തന്നെ വീടുവച്ചു നൽകണമെന്ന് അപേക്ഷയിൽ പറയുന്നു. വയനാട്ടില്‍ അവധിക്കാലം ചെലവഴിക്കാനാണല്ലോ എം.പി എത്തുന്നത്. അതിനാൽ രാഹുൽഗാന്ധിക്ക് സ്വന്തം വീട് വയ്ക്കാൻ അനുയോജ്യമായ സ്ഥലം വയനാട് ആണെന്നും കെ.പി മധു പറഞ്ഞു.
റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് 52 വയസായിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനുപിന്നാലെ രാഹുൽഗാന്ധിക്ക് എത്ര സ്വത്തുക്കളുണ്ടെന്ന് ബി.ജെ.പിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഗുരുഗ്രാമില്‍ 8 കോടി വിലമതിക്കുന്ന കൊമേഷ്യല്‍ സ്പേസ് രാഹുൽ ഗാന്ധിയുടെ പേരിലുള്ളതാണ്. അതുമാത്രമല്ല തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന ബാങ്ക് ബാലന്‍സും വിവിധ കമ്പനികളിലെ ഓഹരികൾ ഉൾപ്പെട്ട വിവരങ്ങളും ബി.ജെ.പി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

