കഴിഞ്ഞ ദിവസമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യക്തമാക്കിയത്. മണ്ഡലത്തില്‍ എതിരാളിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും താന്‍ മത്സരിക്കുമെന്നും ആരേയും ഭയമില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, ശശി തരൂർ എം.പിയുടെ പ്രസ്താവയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവും നടനുമായ കൃഷ്ണ കുമാർ.
എംപി എന്ന നിലയിൽ സമ്പൂർണ പരാജയമായ ശശി തരൂർ തിരുവനന്തപുരത്തെ ജനങ്ങളിൽ ഉണ്ടായിട്ടുള്ള അതൃപ്തിയും അമർഷവും വഴിതിരിച്ചുവിടാനുള്ള പുതിയ അടവാണ് കഴിഞ്ഞ ദിവസം നടത്തിയ വീരവാദമെന്നാണ് കൃഷ്ണ കുമാർ പറയുന്നത്. നരേന്ദ്ര മോദിയെ പോലും താൻ തോൽപ്പിക്കുമെന്നു വീരകാഹളം മുഴക്കിയ തരൂരിന്റെ പ്രസ്താവനയ്ക്ക് LKG ലെവൽ പക്വതപോലുമില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. തരൂർ വാരണാസിയിൽ മത്സരിച്ചാൽ കെട്ടിവച്ച കാശു കിട്ടുമോയെന്നു തിരിച്ചും ചോദിക്കാം. പക്ഷെ തരൂരിന്റെ നിലവാരത്തിലേക്ക് താഴാൻ ഉദ്ദേശിക്കുന്നില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ നയതന്ത്ര ശക്തികളിൽ ഒന്നായി ഇന്ത്യയെ മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്റ്റേറ്റ്മാൻഷിപ്പിന്റെ ഫലമായിട്ടാണ്. ലോകരാജ്യങ്ങൾ നരേന്ദ്ര മോദിയെ കാണുന്നത് ഏറ്റവും ശക്തനായ ലോകനേതാവായാണ്. അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തിന്റെ കൂടെ തന്റെ പേരുകൂടി കൂട്ടിച്ചേർത്താൽ തനിക്ക് ജനപിന്തുണ ലഭിക്കുമെന്നുള്ള ഉറപ്പാണ് തരൂരിനെ ഈ സാഹസത്തിന് മുതിരാൻ പ്രേരിപ്പിച്ചത് എന്നുവേണം കരുതാണെന്നും കൃഷ്ണ കുമാർ പറയുന്നു.
കൂടാതെ, എംപി എന്ന നിലയിൽ തന്റെ ലോക്സഭാ മണ്ഡലത്തിൽ വല്ലപ്പോഴും മാത്രമാണ് ശശി തരൂർ ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്തെ തീരദേശം ഓഖിയുടെ ആക്രമണത്തിൽ തകർന്നുലഞ്ഞപ്പോൾ തിരുവനന്തപുരം എംപി ജർമനിയിൽ സുഖവാസത്തിന് പോയതും ജനങ്ങൾ മറന്നിട്ടില്ല. കേരളത്തെയും തിരുവനന്തപുരത്തെയും രണ്ടു തവണ വെള്ളപ്പൊക്ക കെടുതികൾ ഗ്രസിച്ചപ്പോഴും തരൂർ സ്വന്തം മണ്ഡലത്തിലെത്താൻ കൂട്ടാക്കിയില്ല. ഡൽഹിയിലെ സുഖസൗകര്യങ്ങളിലായിരുന്നു അദ്ദേഹം അപ്പോഴെന്നും കൃഷ്ണ കുമാർ തുറന്നടിക്കുന്നു. അതുകൂടാതെ ബാർസിലോണ, തിരുവനന്തപുരം ട്വിൻ സിറ്റി പദ്ധതി പോലുള്ള സ്വപ്‌നങ്ങൾ വിറ്റു വോട്ടർമാരെ പറ്റിച്ചയാളാണ് തരൂർ. തിരുവനന്തപുരത്ത് വന്നിട്ടുള്ള പ്രധാന വികസനപ്രവർത്തനങ്ങൾ, NH66 ന്റെ പുനർനിർമ്മാണം, വിഴിഞ്ഞം തുറമുഖം, തുടങ്ങിയവ കേന്ദ്ര സർക്കാർ നേരിട്ട് കൊണ്ടുവന്നതാണ്. എംപി എന്ന നിലയിൽ തരൂർ മുൻകൈ എടുത്തു ഏതെങ്കിലുമൊരു പദ്ധതി തിരുവനന്തപുരത്തിന് നൽകിയിട്ടുണ്ടോ എന്നും കൃഷ്ണ കുമാർ ചോദിക്കുന്നു. എന്തായാലും, മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന് കൽകാശിന്റെ പോലും സംഭാവന നല്കിയിട്ടില്ലാത്ത ശശി തരൂരിനെ പോലെയുള്ളവർക്ക് എന്തിനു ഇനി വോട്ട് ചെയ്യണമെന്ന് തിരുവനന്തപുരത്തെ കോൺഗ്രസുകാർ വരെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ജാള്യത മറച്ചു ജനങ്ങളെ വീണ്ടും പറ്റിക്കാമെന്നുള്ള വ്യാമോഹം തരൂർ ഉപേക്ഷിക്കുകയാണ് നല്ലതെന്ന് പറഞ്ഞുകൊണ്ടാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

