Wednesday, December 17, 2025

“നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ജമ്മുകശ്മീരിൽ ഭീകരത തിരിച്ചുവരും.” – തുറന്നടിച്ച് അമിത് ഷാ ;ജമ്മുവിൻ്റെ അവകാശങ്ങൾ കവർന്നെടുക്കാനും പ്രദേശത്തിന് സ്വയംഭരണം പുനഃസ്ഥാപിക്കാനുമുള്ള സഖ്യത്തിന്റെ ലക്ഷ്യം നടക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സഖ്യത്തിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാഷണൽ കോൺഗ്രസും അധികാരത്തിലെത്തിയാൽ ജമ്മുകശ്മീരിൽ ഭീകരത തിരിച്ചുവരുമെന്ന് തുറന്നടിച്ച
അമിത് ഷാ ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനാണ് സഖ്യം ശ്രമിക്കുന്നതെന്നും സ്വയംഭരണം പുനഃസ്ഥാപിക്കുമെന്ന് വാ​ഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ആരോപിച്ചു. നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രജൗരിയിലും പൂഞ്ചിലും തീവ്രവാദം വളരണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്. എൻസി-കോൺഗ്രസ് സഖ്യവും മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ജമ്മുകശ്മീരിനെ ഭീകരവാദത്തിൻ്റെ തീയിലേക്ക് തള്ളിവിടാൻ ശ്രമിച്ചു. ജമ്മുവിൻ്റെ അവകാശങ്ങൾ കവർന്നെടുക്കാനും പ്രദേശത്തിന് സ്വയംഭരണം പുനഃസ്ഥാപിക്കാനുമാണ് എൻസി-കോൺഗ്രസ് സഖ്യത്തിന്റെ ലക്ഷ്യം. അതൊരിക്കലും സംഭവിക്കുകയില്ല.

മൂന്ന് കുടുംബങ്ങളും ജമ്മു കശ്മീരിനെ കൊള്ളയടിച്ചു. എൻസിയും കോൺഗ്രസും അധികാരത്തിൽ വന്നാൽ ഭീകരത തിരിച്ചുവരും. ബിജെപി അധികാരത്തിൽ വന്നാൽ ഭീകരതയെ തലയുയർത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിൽ കോൺഗ്രസിന്റെയും ഫറൂഖ് അബ്ദുള്ളയുടെയും സർക്കാർ രൂപീകരിക്കാനാവില്ല.

സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സംസ്ഥാന പദവി നൽകുമെന്ന് രാഹുൽ ഗാന്ധി പറയുന്നു. അതിന് അദ്ദേഹത്തിന് അധികാരമുണ്ടോ? തെരഞ്ഞെടുപ്പിന് ശേഷം ഉചിതമായ സമയത്ത് സംസ്ഥാന പദവി തിരികെ നൽകുമെന്ന് താൻ പാർലമെന്റിൽ വ്യക്തമാക്കിയതാണ്. രാഹുൽ ​ഗാന്ധി കശ്മീരിലെ ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം” – അമിത് ഷാ പറഞ്ഞു

Related Articles

Latest Articles