Friday, December 12, 2025

പ്രകോപനമുണ്ടായാൽ അപ്പോൾ വെടി പൊട്ടും !ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങളിൽ അമേരിക്ക നിയമിച്ചിരിക്കുന്നത് കടുത്ത ഇസ്ലാം വിരുദ്ധ ബൈക്കർ ഗ്യാങ്ങിൽ നിന്നുള്ളവരെയെന്ന് റിപ്പോർട്ട്

ഗാസ :ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങളിൽ അമേരിക്ക നിയമിച്ച സുരക്ഷാ കരാറുകാരിൽ കടുത്ത ഇസ്ലാം വിരുദ്ധ ഗ്രൂപ്പുകളിൽ നിന്നുള്ളവരുണ്ടെന്ന് റിപ്പോർട്ട്. ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സേഫ് റിസേർച് സൊല്യൂഷൻസ് കരാർ നൽകിയ UG സൊല്യൂഷൻസ് എന്ന സ്ഥാപനം വിന്യസിച്ച 320 കരാറുകാരിൽ 40 പേരെങ്കിലും “Infidels Motorcycle Club” എന്ന അമേരിക്കൻ ബൈക്കർ ഗ്യാങ്ങിലെ അംഗങ്ങളെയോ അല്ലെങ്കിൽ മുൻ അംഗങ്ങളെയോ ആണ്. ഈ സംഘം ഒരു “കുരിശുയുദ്ധ” സംഘടനയായി സ്വയം പ്രഖ്യാപിച്ചവരും മുസ്ലീം വിരുദ്ധ ഉള്ളടക്കങ്ങൾ ഓൺലൈനിൽ നിരന്തരം പോസ്റ്റ് ചെയ്യുകയും ചെയ്യുന്നവരാണ്.

ഈ സംഘത്തിലെ പത്തുപേർ ഗാസയിലെ സുരക്ഷാ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഏഴുപേർ മുതിർന്ന നേതൃസ്ഥാനങ്ങൾ വഹിക്കുന്നു. ഇവരിൽ, ജോണി ടാസ് മുൾഫോർഡ് (ഗാസയിലെ കൺട്രി ടീം ലീഡർ), Infidels MC-യുടെ വൈസ് പ്രസിഡന്റായ ലാരിജെ-റോഡ് ജാരറ്റ് (ഗാസയിലെ ലോജിസ്റ്റിക്സ് ചുമതല), ബിൽ സെയിന്റ് സീബ് (ഗാങ്ങിന്റെ ട്രഷറർ – വിതരണ കേന്ദ്രത്തിൽ സൈറ്റ് സുരക്ഷാ നേതൃത്വം), റിച്ചാർഡ് എ-ട്രാക്കർ ലോഫ്റ്റൺ (ഗാങ്ങിന്റെ സ്ഥാപകാംഗം – മറ്റൊരു വിതരണ സൈറ്റിലെ ടീം ലീഡർ) എന്നിവർ ഉൾപ്പെടുന്നു.

ഈ സംഘാംഗങ്ങൾ റൈഫിളുകളുമായി ഗാസയിലെ മരുഭൂമിയിൽ പോസ് ചെയ്യുന്ന ചിത്രങ്ങളും “Make Gaza Great Again” എന്ന് എഴുതിയ ബാനറുകൾ പിടിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഒരാളെ ജോലിക്കെടുക്കുന്നതിനോ കരാറുകൾ നൽകുന്നതിനോ അവരുടെ ഇത്തരം ബന്ധങ്ങൾ പ്രസക്തമല്ലെന്ന് പ്രതികരിച്ചുകൊണ്ട് UG Solutions ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. “ജോലിയുമായി ബന്ധമില്ലാത്ത വ്യക്തിപരമായ ഹോബികളുടെയോ ബന്ധങ്ങളുടെയോ പേരിൽ ആളുകളെ ഒഴിവാക്കില്ലെന്നും കമ്പനി പ്രതികരിച്ചു.

ഓരോ നിയമനവും വിപുലമായ പരിശോധനകൾക്കും റഫറൻസ് ചെക്കുകൾക്കും ക്രിമിനൽ, സിവിൽ പശ്ചാത്തല പരിശോധനകൾക്കും വിധേയമാണ്. വിന്യാസത്തിന് മുൻപ് ആയുധ ശേഷിയിലും ഓപ്പറേഷനൽ പെരുമാറ്റത്തിലുമുള്ള ഞങ്ങളുടെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ഉത്തരവാദിത്തത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും കമ്പനി അറിയിച്ചു.

സാധാരണയായി അമേരിക്കൻ ഗവൺമെന്റ് വകുപ്പുകളുടെ മേൽനോട്ടത്തിൽ നടക്കുന്ന ഇത്തരം കരാർ ജോലികളിൽ നിന്ന് വ്യത്യസ്തമായി, ഗാസയിലെ ഈ വിന്യാസം അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക ഇടപെടലുകളില്ലാതെയാണ് നടന്നിരിക്കുന്നത്.

Related Articles

Latest Articles