കൊച്ചി: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിൽ തിരുവിതാംകൂർ ദേവസ്വത്തിനെതിരെ പൊട്ടിത്തെറിച്ച് ഹൈക്കോടതി. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ക്ഷേത്ര ചടങ്ങുകളും അതോടൊപ്പം ക്ഷേത്രത്തിൽ നടത്താൻ കഴിയുന്ന മറ്റു പരിപാടികളും മാത്രമേ ക്ഷേത്രത്തിൽ നടക്കാൻ പാടുള്ളൂവെന്നും അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വിപ്ലവഗാനം ആലപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങൾ എന്നും കോടതി വ്യക്തമാക്കി.
ദേവസ്വം സെക്രട്ടറിയെ കൂടി കേസിൽ കോടതി കക്ഷി ചേർത്തു. ആരാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും ആരാണ് പരിപാടിക്ക് പണം മുടക്കിയത് എന്നും കോടതി ചോദിച്ചു. ക്ഷേത്രോപദേശക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത് എന്നാണ് തിരുവിതാംകൂർ ദേവസ്വം ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന മറുപടി. സർക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ ദേവസ്വം സെക്രട്ടറി സർക്കാരിന്റെ നിലപാട് കോടതിയിൽ അറിയിച്ചേക്കും.
മാർച്ച് 10-നാണ് കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ ഗായകൻ അലോഷിയുടെ വിപ്ലവഗാനാലാപനം അരങ്ങേറിയത്. ഇത് എങ്ങനെ നടന്നുവെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ഇത് ക്ഷേത്ര ഉത്സവമാണ്. അല്ലാതെ കോളേജ് ആന്വൽ ഡേയോ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയോ അല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ക്ഷേത്ര ചടങ്ങുകളും അതോടൊപ്പം ക്ഷേത്രത്തിൽ നടത്താൻ കഴിയുന്ന മറ്റു പരിപാടികളും മാത്രമേ ക്ഷേത്രത്തിൽ നടക്കാൻ പാടുള്ളൂ. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വിപ്ലവഗാനം ആലപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങൾ എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

