മുംബൈ: രാഹുലിനൊപ്പം സദസ് പങ്കിടണമെങ്കിൽ ശരീരഭാരം 10 കിലോ കുറക്കണമെന്ന് ആവശ്യപ്പെട്ടതായി മുൻ മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സിഷാൻ സിദ്ദിഖ്. കോൺഗ്രസിന്റെ ജോഡോ യാത്ര മഹാരാഷ്‌ട്രയിലെ നന്ദേഡിലെത്തിയപ്പോഴാണ് ദുരനുഭവം നേരിട്ടതെന്ന് സിഷാൻ സിദ്ദിഖ് പറഞ്ഞു.ജോഡോ യാത്രയിൽ സജീവ സന്നിദ്യമായിരുന്ന രാഹുലിന്റെ വളരെ അടുത്ത ആളിൽ നിന്നാണ് തനിക്ക് ബോഡി ഷെയിമിങ് നേരിട്ടത്. എംഎൽഎയും മുംബൈ യൂത്ത് കോൺഗ്രസിന്റെ തലവനുമായ തനിക്ക് കടുത്ത അപമാനമാണ് അയാളിൽ നിന്ന് ഉണ്ടായത് എന്ന് സിഷാൻ സിദ്ദിഖ് പറഞ്ഞു.
അതേസമയം, ബോഡി ഷെയിമിങ് നടത്തുന്ന രാഹുലിന്റെ അനുചരൻമാരെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ രംഗത്ത് വന്നു. അനുയായികളുടെ രൂപത്തെക്കുറിച്ച് അത്തരം നിബന്ധനകൾ ഉന്നയിക്കുന്ന ഒരേയൊരു നേതാവ് ഉത്തര കൊറിയയുടെ ഏകാധിപതിയാണെന്ന് അദ്ദേഹം വിമർശിച്ചു. കൂടെ നിൽക്കുന്നവർ ഫോട്ടോജനിക് ആയി കാണപ്പെടണമെന്ന നിബന്ധന വെക്കുന്നത് ഉത്തര കൊറിയ ഭരിക്കുന്ന ഒരു രാജവംശമാണ് എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

