ഭുവനേശ്വര്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുള്ള വിജിലൻസ് പരിശോധനയിൽ സർക്കാർ എൻജിനിയർ പിടിയിലായി. ഒഡിഷയിലെ ഭുവനേശ്വറിൽ നടത്തിയ പരിശോധനയില്‍ സംസ്ഥാന ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയാണ് പിടിയിലായത്. വിജിലന്‍സ് റെയ്ഡിനെത്തുന്നത് കണ്ട് ഫ്‌ലാറ്റിലെ ജനാലയിലൂടെ ഇയാൾ നോട്ടുകെട്ടുകള്‍ പുറത്തേക്കെറിഞ്ഞിരുന്നു.പിന്നീട് സാക്ഷികളുടെ സാന്നിധ്യത്തിലാണ് പണം വിജിലന്‍സ് കണ്ടെടുത്തത്. കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്.
ഒഡീഷയിലെ അംഗുല്‍, ഭുവനേശ്വര്‍, പിപിലി (പുരി) എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡുകളില്‍ ഏകദേശം 2.1 കോടി രൂപയാണ് വിജിലന്‍സ് കണ്ടെടുത്തത്. ഇയാളുടെ ഭുവനേശ്വറിലെ ഫ്‌ലാറ്റില്‍ നിന്ന് ഒരു കോടി രൂപയും അംഗുലിലെ വസതിയില്‍ നിന്ന് 1.1 കോടി രൂപയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാരംഗിയുടെ അംഗുലിലെ കുടുംബ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഭുവനേശ്വറിലെ ആര്‍ഡി പ്ലാനിങ് ആന്‍ഡ് റോഡിലെ ഓഫീസ് ചേംബറിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

