വാഷിങ്ടൻ: നാക്കുപിഴയ്ക്കും ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്കുമിടെ പ്രചാരണത്തിലേക്ക് മടങ്ങിയെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും നമുക്ക് ജോലികൾ തീർക്കേണ്ടതുണ്ടെന്നും അനുയായികളെ അഭിസംബോധന ചെയ്ത് ബൈഡൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിയിൽ എതിർപ്പുകൾ ശക്തമായി നേരിടുന്നതിനിടെയാണ് ബൈഡന്റെ പ്രഖ്യാപനം.
ജൂൺ 27ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായി നടന്ന സംവാദത്തിൽ വാക്കുകൾ ഇടറുകയും കൃത്യമായി മറുപടി പറയാൻ കഴിയാതിരിക്കുകയും ചെയ്തതോടെയാണ് ബൈഡനെതിരെ വിമർശനം ഉയർന്നത്. ഇരുവരും തമ്മിൽ 3 വയസ്സിന്റെ വ്യത്യാസമേയുള്ളുവെങ്കിലും ബൈഡന്റെ പ്രായാധിക്യം വീണ്ടും ചർച്ചകളിലേക്ക് സജീവമായി മാറിയത് ഡെമോക്രാറ്റുകൾക്കിടയിൽ ആശങ്ക ഉയർന്നു. കഴിഞ്ഞ ദിവസം നടന്ന നാറ്റോ ഉച്ചകോടിയിലും ബൈഡനു രണ്ടിടത്തു നാക്കുപിഴ സംഭവിച്ചു. ഇതോടെ, നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു ബൈഡൻ പിന്മാറണമെന്ന ആവശ്യവുമായി കൂടുതൽ ഡെമോക്രാറ്റിക് നേതാക്കൾ രംഗത്തെത്തി.
വ്യാഴാഴ്ച നാറ്റോ ഉച്ചകോടിയിൽ ബൈഡൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ക്ഷണിച്ചുകൊണ്ട് ‘പ്രസിഡന്റ് പുട്ടിൻ’ എന്നാണ് വിളിച്ചത് ‘പ്രസിഡന്റ് പുട്ടിൻ, പ്രസിഡന്റ് പുട്ടിനെ പരാജയപ്പെടുത്താൻ പോകുന്നു’ എന്നായിരുന്നു വാക്യം. നാവുപിഴ തിരിച്ചറിഞ്ഞ് ഉടൻ തിരുത്തിയെങ്കിലും വിഡിയോ പ്രചരിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരാമർശിക്കുമ്പോൾ ‘വൈസ് പ്രസിഡന്റ് ട്രംപ്’ എന്നു പറഞ്ഞതും വിമർശനത്തിന് ഇടയാക്കി.

