Thursday, December 11, 2025

ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ ! കൊല്ലപ്പെട്ടെന്ന വാർത്തകൾ തള്ളി ആദിയാല ജയിൽ അധികൃതർ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവരെ കണ്ടെത്തണമെന്ന് പിടിഐ

ഇസ്ലാമബാദ് : തടവിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ കൊല്ലപ്പെട്ടെന്ന് അഭ്യൂഹങ്ങൾ തള്ളി ആദിയാല ജയിൽ അധികൃതർ. ഇമ്രാന്റെ സുരക്ഷയ്ക്ക് പ്രശ്നമില്ലെന്നും ഇമ്രാൻ പൂർണ്ണ ആരോഗ്യവാനാണെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. ഇമ്രാൻ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും ബലൂചിസ്ഥാനിലെയും സമൂഹ മാദ്ധ്യമങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടതോടെ പാകിസ്ഥാനിലെ തെരുവുകളിൽ സംഘർഷ സാഹചര്യം നിലനിന്നിരുന്നു.

ഇതിനിടെ ഇമ്രാനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആദിയാല ജയിലിനുപുറത്ത് കാത്തുനിന്ന സഹോദരിമാരായ അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ, നോറീൻ നിയാസി എന്നിവർക്ക് പോലീസ് അനുമതി നിഷേധിക്കുകയും മർദിച്ച് അവശരാക്കുകയും ചെയ്തു. ഇതോടെ ഇമ്രാൻ കൊല്ലപ്പെട്ടെന്ന വാർത്തകൾക്ക് ആക്കം കൂടി. ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ടായിരുന്നില്ല.

നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഇമ്രാൻ അടിയന്തരമായി സന്ദർശിക്കാൻ അവസരം ഒരുക്കണമെന്ന് ഇമ്രാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി ആവശ്യപ്പെട്ടു. ഇമ്രാൻ ഖാന്റെ ആരോഗ്യം, സുരക്ഷ, നിലവിലെ അവസ്ഥ എന്നിവയെക്കുറിച്ച് ഔദ്യോഗിക തലത്തിൽ പ്രസ്താവന പുറപ്പെടുവിക്കണം. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിന് ഉത്തരവാദികൾ ആയവരെക്കുറിച്ച് അന്വേഷിച്ച് വസ്തുതകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കണമെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Latest Articles