ചെന്നൈ : കേന്ദ്രം സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ലെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആരോപണങ്ങളെ കണക്കുകൾ നിരത്തി തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തിന്റെ വികസനത്തിനായി മുൻ സർക്കാരിനേക്കാൾ മൂന്നിരട്ടി പണം കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.രാമേശ്വരത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, കേന്ദ്ര സർക്കാർ തമിഴ്‌നാടിന്റെ വികസനത്തിനായി മൂന്നിരട്ടി പണം അനുവദിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ചില ആളുകൾക്ക് ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുണ്ട്. അവർ കരഞ്ഞുകൊണ്ടേയിരിക്കുമെന്നും സ്റ്റാലിന്റെ പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു.
“വികസിത ഭാരതത്തിന്റെ യാത്രയിൽ തമിഴ്‌നാടിന് വളരെ വലിയ പങ്കുണ്ട്. തമിഴ്‌നാട് കൂടുതൽ ശക്തമാകുന്തോറും ഭാരതം വേഗത്തിൽ വളരുമെന്ന് ഞാൻ വിശ്വസിക്കുന്നു. 2014 നെ അപേക്ഷിച്ച് കഴിഞ്ഞ 10 വർഷത്തിനിടെ, കേന്ദ്ര സർക്കാർ തമിഴ്‌നാടിന്റെ വികസനത്തിനായി മൂന്നിരട്ടി പണം അനുവദിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ചില ആളുകൾക്ക് ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുണ്ട്. അവർ കരഞ്ഞുകൊണ്ടേയിരിക്കും.
2014 ന് മുമ്പ്, റെയിൽവേ പദ്ധതികൾക്കായി എല്ലാ വർഷവും 900 കോടി രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഈ വർഷം, തമിഴ്‌നാടിന്റെ റെയിൽവേ ബജറ്റ് 6,000 കോടി രൂപയിൽ കൂടുതലായിരുന്നു, കൂടാതെ രാമേശ്വരത്തെ റെയിൽവേ സ്റ്റേഷനുൾപ്പെടെ കേന്ദ്രസർക്കാർ ഇവിടെ 77 റെയിൽവേ സ്റ്റേഷനുകളും നവീകരിക്കുന്നുണ്ട്.” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

