Saturday, December 13, 2025

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. കുറ്റവാളികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ച കോടതി അതിജീവിതയുടെ ജീവിതമോ പ്രായമോ പരിഗണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

‘’എന്തൊരു അനീതിയാണിത്? ഇതിന്റെ അർഥമെന്താണ്? അയാളുടെ പ്രായവും ജീവിതവും അമ്മയേക്കുറിച്ചുമൊക്കെ പരിഗണിക്കുന്നു. അതിജീവിതയ്ക്ക് അമ്മയുമില്ല, ജീവിതവുമില്ല, പ്രായവുമില്ല. അനീതിയാണിത്. സഹിക്കാനാവുന്നില്ല.’’- ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം കഠിന തടവാണ് വിധിച്ചത്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയുമാണ് ലഭിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അതിജീവിതക്ക് 5 ലക്ഷം രൂപ പിഴ തുകയിൽ നിന്ന് നൽകാനും വിധിയിൽ പറയുന്നു. ഒന്നാം പ്രതി സുനിലിന് ഐടി ആക്ട് പ്രകാരം 5 വർഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വർഷത്തെ കഠിനതടവിന് ഒപ്പം അനുഭവിച്ചാൽ മതി.

Related Articles

Latest Articles