Tuesday, December 16, 2025

മണ്ണിൽ നിന്ന് മാഞ്ഞെങ്കിലും മനസ്സിൽ നിന്നും മായാത്ത പൂർവ്വികരുടെ സ്മരണയിൽ കർക്കടക വാവ് ! പിതൃക്കളുടെ ആത്മശാന്തിക്കായി തിലോദകം അർപ്പിച്ച് യുകെയിലെ വിശ്വാസ സമൂഹം

കർക്കടക വാവിന്റെ ഭാഗമായി നോട്ടിങ്ഹാമിന് സമീപമുള്ള റിവർ ട്രെൻ്റ് നദിയുടെ കരയിൽ നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിൻ്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ ബലി തർപ്പണ വേദിയിൽ പിതൃക്കൾക്ക് ബലിയർപ്പിച്ച് യുകെയിലെ വിശ്വാസ സമൂഹം. പിതൃ മോക്ഷ പ്രാപ്തിക്കായി ബലികർമങ്ങൾ നടത്തുവാനായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു വലിയ വിശ്വാസി സമൂഹമാണ് എത്തിച്ചേർന്നത്.

ആചാര്യനായ ശ്രീ സുരേഷ് ശങ്കരൻ കുട്ടി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്തുവാനുള്ള കർമ്മങ്ങൾ യഥാവിധി ചെയ്യുവാൻ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിശ്വാസികളുടെ ഒരു വലിയ പ്രാതിനിധ്യത്തിനാണ് ഈ വർഷത്തെ ചടങ്ങുകൾ സാക്ഷ്യം വഹിച്ചത്.

ബലി തർപ്പണ വേദിയിൽ എള്ളും പൂവും ഉണക്കലരി ചോറും സ്മൃതികളിൽ അർപ്പിച്ച് പിതൃ മോക്ഷപ്രാപ്തിക്കായി ബലികർമങ്ങൾ പൂർത്തിയാക്കിയതിന്റെ ആത്മനിർവൃതിയിലാണ് ഓരോ വിശ്വാസിയും റിവർ ട്രെൻ്റ് നദിക്കരയിൽ നിന്നും മടങ്ങിയത്.

Related Articles

Latest Articles