പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിൽ ഓണസദ്യ തുടങ്ങി. മേൽശാന്തി പി.എം.മഹേഷിന്റെ വകയായിരുന്നു കഴിഞ്ഞ ദിവസത്തെ ഉത്രാട സദ്യ. ആചാരപരമായ ചടങ്ങുകളോടെയാണ് സദ്യ തുടങ്ങിയത്. ഉച്ചപൂജയ്‌ക്കു മുൻപ് പാചകം പൂർത്തിയായി. കളഭാഭിഷേകത്തോടെ ഉച്ചപൂജയും അങ്കി ചാർത്തിയുള്ള പൂജയും കഴിഞ്ഞാണ് ഓണസദ്യ വിളമ്പിയത്. ആദ്യം അയ്യപ്പനു മുൻപിൽ വിളമ്പി. പിന്നെ ഭക്തർക്കും സദ്യ നൽകി. ഇന്നും നാളെയും ഓണസദ്യകൾ ഉണ്ടാകും. ദർശനത്തിന് എത്തുന്ന എല്ലാ ഭക്തർക്കും വിഭവ സമൃദ്ധമായ സദ്യ നൽകും.
ഭഗവാന് കളഭാഭിഷേകത്തിനും, ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനം തിരുവോണ ദിനമായ ഇന്ന് മുതൽ ശബരിമല സന്നിധാനത്ത് തയാറാക്കും. ചന്ദനം അരച്ചെടുക്കുന്ന മെഷീൻ ഒരു ഭക്തൻ ഭഗവാന് കാണിക്കയായി സമർപ്പിച്ചതാണ്. ചന്ദനം അരച്ചെടുക്കുന്ന രണ്ട് മെഷീനുകളും ആധുനിക സൗകര്യത്തോടു കൂടിയ ശീതീകരണ സംവിധാനവുമാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

