മുംബൈ : ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലിനെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പറുടെ റോളിലെത്തിയ ശ്രീകർ ഭരതിനെ മാറ്റി ആ സ്ഥാനത്ത് ബാറ്റർ കൂടിയ രാഹുലിനെ കളിപ്പിക്കണമെന്നാണു ഗാവസ്കറിന്റെ അഭിപ്രായം.
‘‘കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലുള്ള രാഹുലിന്റെ റെക്കോർഡ് മികച്ചതാണ് . ലോർഡ്സിൽ അദ്ദേഹം ഒരു സെഞ്ചറി നേടി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനുള്ള ടീമിനെ പരിഗണിക്കുമ്പോള്‍ രാഹുലിന്റെ കാര്യം കൂടി മനസ്സിലുണ്ടാകണം.’’– സുനിൽ ഗാവസ്കർ പറഞ്ഞു.
ബോർഡർ– ഗാവസ്കർ ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങളിലും മോശം പ്രകടനം നടത്തിയതിനെത്തുടർന്ന് കെ.എല്‍. രാഹുലിന്റെ ടീമിലെ സ്ഥാനം തെറിച്ചിരുന്നു. ഏകദിനത്തിലെ സ്റ്റാർ ബാറ്റർ ശുഭ്മൻ ഗില്ലാണ് പകരം ടീമിലെത്തിയത്. ജൂൺ ഏഴു മുതൽ 11 വരെ ഓവലിലാണ് ഓസ്ട്രേലിയയ്ക്കെതിരായ ഫൈനൽ പോരാട്ടം.

