Tuesday, December 16, 2025

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ രോഗി ഒന്നര ദിവസത്തോളം കുടുങ്ങിക്കിടന്ന സംഭവം ! 3 ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസത്തോളം രോഗി കുടുങ്ങിക്കിടന്ന സംഭവത്തിൽ നടപടി. സംഭവവുമായി ബന്ധപ്പെട്ട് 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെയും ഡ്യൂട്ടി സർജന്റിനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
ഓർത്തോ ഒപിയിൽ വന്ന ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ അകപ്പെട്ടത്. ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്‌നം പരിഹരിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റിനുള്ളിൽ ഒരാൾ അകപ്പെട്ടതായി കാണുന്നത്.

നടുവേദനയെ തുടർന്നാണ് രവീന്ദ്രൻ ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തുന്നത്. ലാബിൽ പോകാനായിരുന്നു രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയത്. ലിഫ്റ്റിൽ കയറി കുറച്ചുകഴിഞ്ഞപ്പോൾ ഒരു ശബ്ദത്തോടെ ലിഫ്റ്റ് നിൽക്കുകയായിരുന്നുവെന്നും ഒരുപാട് തവണ വാതിലിൽ മുട്ടിയെങ്കിലും ആരും എത്തിയില്ലെന്നും രവീന്ദ്രൻ നായർ പറയുന്നു. രവീന്ദ്രന്റെ ഫോൺ നിലത്തുവീണു പൊട്ടിയിരുന്നതിനാൽ അദ്ദേഹത്തിന് ആരെയും ബന്ധപ്പെടാനായിരുന്നില്ല. രവീന്ദ്രൻ നായരെ ഇപ്പോൾ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ രവീന്ദ്രൻ നായരെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ പോലീസിൽ നൽകിയിരുന്നു. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

Related Articles

Latest Articles