Sunday, December 14, 2025

ആംബുലസ് വിട്ടുകൊടുക്കാതെ അധികൃതർ ! വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ട് പോയത് ഓട്ടോറിക്ഷയിൽ

വയനാട് : ആദിവാസി സ്ത്രീയുടെ മൃതദേഹം ആംബുലൻസ് കിട്ടാത്തതിനാൽ ശ്മാശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ലെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബൽ പ്രമോട്ടറെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മരിച്ച ആദിവാസി വയോധികയുടെ മൃതദേഹം വീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ആംബുലൻസ് വേണ്ടിയിരുന്നത്. വാഹനം ലഭിക്കാതെ വന്നതോടെ ഓട്ടോറിക്ഷയിൽ മൃതദേഹം കൊണ്ടുപോവുകയായിരുന്നു.

രണ്ട് ആംബുലൻസാണ് ട്രൈബൽ ഓഫീസിൽ ഉണ്ടായിരുന്നതെന്നും വൈകുന്നേരം ഇവ രണ്ടും ലഭ്യമായിരുന്നില്ലെന്നും പറഞ്ഞ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, പുറത്ത് നിന്ന് ആംബുലൻസ് വിളിക്കാമായിരുന്നുവെന്നും എന്നാൽ ട്രൈബൽ പ്രൊമോട്ടർ ഇത് ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പ്രൊമോട്ടർക്ക് വീഴ്ചയുണ്ടായെന്നും ആരോപിച്ചു.

Related Articles

Latest Articles