Saturday, December 20, 2025

സരോവരത്ത് യുവാവിനെ സുഹൃത്തുക്കൾ കുഴിച്ചുമൂടിയ സംഭവം ! മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി; നാളെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ ചളി നീക്കി പരിശോധന

കോഴിക്കോട് സരോവരത്ത് യുവാവിനെ സുഹൃത്തുക്കൾ കുഴിച്ചുമൂടിയ സംഭവത്തില്‍ മരിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തി. പ്രതികളുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തെ കാടുമുടിയ സ്ഥലത്ത് നിന്ന് ബൈക്ക് കണ്ടെത്തിയത്. വിജില്‍ ട്രെയിനില്‍ കയറി നാടുവിട്ടെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതികള്‍ ബൈക്കുമായി റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും പിന്നീട് ബൈക്ക് ഉപേക്ഷിക്കുകയുമായിരുന്നു. പ്രതികളെ നാളെ മൃതദേഹം കുഴിച്ചിട്ടെന്ന് പറയുന്ന സരോവരത്ത് എത്തിക്കും. കുഴിച്ചിട്ട സ്ഥലത്തെ ചളി നീക്കി പരിശോധന നടത്തും.

ഇലക്‌ട്രീഷ്യനായിരുന്ന വെസ്റ്റ്ഹിൽ വേലത്തി പടിക്കൽ സ്വദേശിയായ വിജിലിനെ (29) 2019 മാർച്ച് 17-നാണ് കാണാതായത്. വീട്ടിൽനിന്ന് സുഹൃത്തുക്കളെ കാണാനായി പോയ വിജിൽ പിന്നീട് തിരിച്ചെത്തിയില്ല. ഏറെക്കാലം വിജിൽ നാടുവിട്ടെന്ന് വിശ്വസിച്ച് അന്വേഷണം മുന്നോട്ടുപോയിരുന്നു. എന്നാൽ, അടുത്തിടെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതോടെയാണ് വിജിലിന്റെ തിരോധാനത്തിന് പിന്നിലെ ദുരൂഹതകൾ മറനീക്കിയത്.. ഇതിനിടെയാണ് സുഹൃത്തുക്കളെ വീണ്ടും ചോദ്യംചെയ്തതും അവര്‍ കുറ്റം സമ്മതിച്ചതും. എരഞ്ഞിപ്പാലം വാഴത്തിരുത്തി കൊളങ്ങരക്കണ്ടി മീത്തല്‍ കെ.കെ. നിഖില്‍ (35), വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ വീട്ടില്‍ എസ്. ദീപേഷ് (37) എന്നിവരെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

2019 മാർച്ച് 17-ന് ഉച്ചതിരിഞ്ഞാണ് സംഭവം. വീട്ടിൽനിന്ന് ബൈക്കിൽ സുഹൃത്തുക്കളുടെ അടുത്തേക്കുപോയതാണ് വിജിൽ. സരോവരത്തെ പറമ്പിൽവെച്ച്, ബ്രൗൺഷുഗർ കൊണ്ടുവന്ന നിഖിൽ അത് വലിച്ചു. മറ്റുമൂന്നുപേർ അത് ഇഞ്ചക്‌ഷനായാണ് ഉപയോഗിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും വിജിൽ ഉണർന്നില്ല. അവിടെത്തന്നെ കിടത്തി മറ്റുള്ളവർ പോയി. രാത്രി തിരിച്ചുവന്നപ്പോഴും അതേപോലെ കിടക്കുന്നതുകണ്ടതോടെ മരിച്ചെന്ന് കൂട്ടുകാർക്ക്‌ വ്യക്തമായി. കുറ്റിക്കാട്ടിലേക്ക് മൃതദേഹം മാറ്റിക്കിടത്തിയശേഷം വിജിലിന്റെ ബൈക്കും മൊബൈലും എടുത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ വെച്ചു. പിന്നേറ്റുവന്ന് മൃതദേഹം വെള്ളത്തിലേക്ക് താഴ്ത്തി മുകളിൽ ചെങ്കല്ല് കയറ്റിവെച്ചു. എട്ടുദിവസംകഴിഞ്ഞ് നോക്കിയപ്പോൾ തല വെള്ളത്തിനുമുകളിലേക്ക് ഉയർന്നതുകണ്ടു. തുടർന്ന്, ഭാരമേറിയ കരിങ്കല്ലുകൂടി ശരീരത്തിലേക്ക് കയറ്റിവെച്ച് പൂർണമായി വെള്ളത്തിനടിയിലാക്കിയെന്നും മൊഴിയിൽ പറയുന്നു.

വിജിലിനെത്തേടി ബന്ധുക്കളും പോലീസും പലതവണ ചോദ്യം ചെയ്തപ്പോഴും, “അവൻ ട്രെയിൻ കയറി എവിടെയോ പോയി” എന്ന ഒറ്റ മറുപടിയിലാണ് സുഹൃത്തുക്കൾ ഉറച്ചുനിന്നത്. ആറുവർഷത്തോളം ഈ കള്ളം പറഞ്ഞ് ഇവർ തടിയൂരുകയായിരുന്നു. കൂടുതൽ തെളിവെടുപ്പിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ മുഴുവൻ വിവരങ്ങളും പുറത്തുവരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles