വാഷിങ്ടൺ : അമേരിക്കയിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഭാരതം അനധികൃത കുടിയേറ്റത്തിന് എതിരാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
‘ഇന്ത്യന്‍ പൗരന്മാര്‍ അമേരിക്കയിലോ മറ്റെവിടെയെങ്കിലോ മതിയായ രേഖകളില്ലാതെ ഒരു രാജ്യത്ത് താമസിക്കുകയോ കാലവധി കഴിഞ്ഞ് തങ്ങുകയോ ചെയ്താല്‍, അവരുടെ പൗരത്വം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും. എത്രയാളുകളെയാണ് ഇത്തരത്തില്‍ തിരിച്ചുകൊണ്ടുവരികയെന്നതില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.”- രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികൾ ട്രമ്പ് ഭരണകൂടം ആരംഭിച്ചിരുന്നു. അമേരിക്കൻ പോലീസിന്റെ നേതൃത്വത്തിൽ നടന്ന കൂട്ട നാടുകടത്തൽ ദൗത്യത്തിൽ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറിലധികം അനധികൃത കുടിയേറ്റക്കാരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഉടൻ തന്നെ അവരവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കും. വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ നിന്നുള്ള അറിയിപ്പ് പ്രകാരം കൂട്ട നാടുകടത്തലുമായി ബന്ധപ്പെട്ട് 538 അറസ്റ്റുകളാണ് നടന്നത്.
അനധികൃത കുടിയേറ്റക്കാരിൽ നിന്ന് അമേരിക്കയെ മോചിപ്പിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഇതിനോടകം നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വലിയ നാടുകടത്തൽ പ്രവർത്തനം പുരോഗമിക്കുകയാണ്. ട്രംപ് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കപ്പെടും എന്നും കരോലിൻ ലീവിറ്റ് വ്യക്തമാക്കി.

